Site iconSite icon Janayugom Online

സുഡാനിലെ കോർഡോഫാനില്‍ 65,000 പേർ പലായനം ചെയ്തു

ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ഒക്ടോബർ അവസാനം മുതൽ 65,000 ആളുകളെ സുഡാനിലെ കോർഡോഫാൻ മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം). ആയിരം ദിവസത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിലെ പ്രധാന പോരാട്ട കേന്ദ്രമാണിത്. ഡാർഫറിന്റെ നിയന്ത്രണം ഉറപ്പിച്ചതിനുശേഷം, അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) കോർഡോഫാൻ മേഖലയുടെ കിഴക്കന്‍ ഭാഗത്തേക്ക് മുന്നേറുകയാണ്. 

തിങ്കളാഴ്ച വടക്കൻ കോർഡോഫാനിലെ എൽ ഒബീദില്‍ നടന്ന ഡ്രോൺ ആക്രമണത്തിൽ 10 സാധാരണക്കാര്‍ കൊലപ്പെട്ടു. ഞായറാഴ്ച, എൽ ഒബീദിലെ പവർ സ്റ്റേഷനിൽ ആർ‌എസ്‌എഫ് നടത്തിയ മറ്റൊരു ഡ്രോൺ ആക്രമണം നഗരത്തെ ഇരുട്ടിലാഴ്ത്തി. ക്ഷാമബാധിത പ്രദേശമായ കടുഗ്ലിയിലും ഡില്ലിങ്ങിലും ആർ‌എസ്‌എഫ് ഉപരോധം ശക്തമാക്കുകയാണ്. ആർ‌എസ്‌എഫ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സുഡാനീസ് സായുധ സേന (എസ്‌എ‌എഫ്) നടത്തുന്ന ബോംബാക്രമണത്തിന്റെ ആഘാതം സാധാരണക്കാരും അനുഭവിക്കുന്നുണ്ട്.
നോർത്ത് ഡാർഫറിലെ ഗുരൈർ പ്രദേശത്തെ മാർക്കറ്റിൽ എസ്‌എ‌എഫ് ഡ്രോണാക്രമണം നടത്തുകയും 64 ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ 1,50,000ത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. വടക്കൻ ഡാർഫർ സംസ്ഥാനത്തെ എൽ ഫാഷറിൽ മാത്രം, ആർ‌എസ്‌എഫ് പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. 

Exit mobile version