Site iconSite icon Janayugom Online

ഗാസയില്‍ 67 പേര്‍ കൂടി കൊല്ലപ്പെട്ടു; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

ഗാസ സിററിയുടെയും മധ്യഗാസയിലെ ചില പ്രദേശങ്ങളുടെയും പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങലില്‍ 67പേര്‍ കൊല്ലപ്പെട്ടു.ഭക്ഷണത്തിനായി കാത്തുനിന്ന 14 പേരുൾപ്പെടെയാണ്‌ കൊല്ലപ്പെട്ടത്‌. യുദ്ധം അവസാനിപ്പിക്കാൻ ഗാസ പിടിച്ചെടുക്കലാണ്‌ ഏറ്റവും നല്ല മാർഗമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം അൽ ഷിഫ ആശുപത്രിക്ക്‌ പുറത്തെ മാധ്യമ പ്രവർത്തകരുടെ ടെന്റ്‌ ആക്രമിച്ച്‌ ആറ്‌ മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തി. 

ഗാസയിലെ വാർത്തകൾ പുറത്തുവരുന്നത്‌ തടയാനാണ്‌ മാധ്യമവേട്ട. ഗാസയിൽ ഇസ്രയേൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ യൂറോപ്യൻ യൂണിയൻ അപലപിച്ചു. മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്‌ക്കുന്നത്‌ ഒഴിവാക്കണം. ഗാസയിലെ മാനുഷിക പ്രതിസന്ധി ഗുരുതരമാണ്‌. അടിയന്തരമായി വെടിനിർത്തലിന്‌ കരാർ ഉണ്ടാക്കണമെന്നും ഇയു പ്രസ്‌താവനയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്‌ പലസ്‌തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ്‌ അറിയിച്ചു. മാധ്യമവേട്ടയിൽ ദ ഓർഗനൈസേഷൻഓഫ്‌ ഇസ്‌ലാമിക്‌ കോ ഓപറേഷനും (ഒഐസി) ശക്തമായി പ്രതിഷേധിച്ചു. 

Exit mobile version