Site iconSite icon Janayugom Online

സിബിഐ ഫയലില്‍ കെട്ടിക്കിടക്കുന്നത് 6,900 കേസുകള്‍

വിചാരണ ഇഴഞ്ഞുനീങ്ങുന്ന 6,900ത്തിലധികം സിബിഐ കേസുകളുണ്ടെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ (സിവിസി). ഇതില്‍ 361 കേസുകള്‍ 20 കൊല്ലത്തിലധികമായതാണെന്നും സിവിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 658 അഴിമതി കേസുകളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതില്‍ 48 കേസുകള്‍ അഞ്ച് വര്‍ഷത്തിലധികം പിന്നിട്ടെന്നും പറയുന്നു.
വിചാരണ പൂര്‍ത്തിയാക്കാത്ത 6,903 കേസുകളാണുള്ളത്. ഇതില്‍ 1,379 എണ്ണം മൂന്ന് കൊല്ലത്തോളമായതും 875 എണ്ണം മൂന്ന് വര്‍ഷം മുതല്‍ അഞ്ച് കൊല്ലം വരെയായതും അഞ്ച് മുതല്‍ 10 വര്‍ഷം വരെയായ 2,188 കേസുകളുമുണ്ട്. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. 10 മുതല്‍ 20 വര്‍ഷത്തിലധികമായിട്ടും വിചാരണ പൂര്‍ത്തിയാക്കാത്ത 2,100 കേസുകളാണുള്ളത്. 20 കൊല്ലം പിന്നിട്ട 361 കേസുകളുണ്ട്. 

സിബിഐയും കുറ്റാരോപിതരും നല്‍കിയ 12,773 ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും വിവിധ ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലാണെന്നും സിവിസി ചൂണ്ടിക്കാണിച്ചു. ഇതില്‍ 501 എണ്ണം 20 വര്‍ഷത്തിലധികമായി തീര്‍പ്പുകല്പിച്ചിട്ടില്ല. 1,138 എണ്ണം 15 — 20 വര്‍ഷത്തിനിടയിലും 2,558 എണ്ണം 10 — 15 കൊല്ലത്തിനിടയിലും 3,850 എണ്ണം അഞ്ച് — 10 വര്‍ഷത്തിനിടയിലും 2,172 എണ്ണം രണ്ട് മുതല്‍ അഞ്ച് കൊല്ലത്തിനിടയിലും പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അന്വേഷണം പൂര്‍ത്തിയാകാത്ത 658 കേസുകളില്‍ 48 എണ്ണം അഞ്ച് വര്‍ഷത്തിലേറെയായി ഇഴയുകയാണ്. 74 എണ്ണം മൂന്ന് മുതല്‍ അഞ്ച് കൊല്ലം വരെയും 75 എണ്ണം മൂന്ന് വര്‍ഷം വരെയും 175 എണ്ണം രണ്ട് കൊല്ലം വരെയും 286 എണ്ണം ഒരു വര്‍ഷത്തോളമായും അന്വേഷണം പൂര്‍ത്തിയാകാത്തവയാണ്.
അമിത ജോലിഭാരം, ജീവനക്കാരുടെ അഭാവം, ജുഡീഷ്യല്‍ സഹായത്തിനായി കോടതികളില്‍ നിന്ന് ഔദ്യോഗിക കത്തിന് മറുപടി ലഭിക്കുന്നതിലെ താമസം, പ്രോസിക്യൂഷനുള്ള അനുമതി നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസം ഇതൊക്കെയാണ് അന്വേഷണം നീണ്ടുപോകാനുള്ള കാരണങ്ങള്‍.
2023 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് സിബിഐയില്‍ 1,610 ഒഴിവുകളുണ്ട്. മൊത്തം 7,295 ജീവനക്കാരാണ് ഏജന്‍സിയിലുള്ളത്. നിയമനം നടത്തേണ്ടതില്‍ 1,040 എണ്ണം എക്സിക്യൂട്ടീവ് തസ‍്തികയിലും 84 നിയമ ഉദ്യോഗസ്ഥരും 53 ടെക്നിക്കല്‍ ഓഫിസര്‍മാരും 388 മിനിസ്റ്റീരിയല്‍ ജീവനക്കാരും 45 കാന്റീന്‍ ജീവനക്കാരുമാണുള്ളത്.

വകുപ്പുതല നടപടികളും വൈകുന്നു

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല അന്വേഷണം ഇഴയുന്നതായും കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിജി) റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തിലുള്ള 82 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായയെയും യശസിനെയും ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ വര്‍ഷം അവസാനം വരെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍ക്കെതിരെ 54 വകുപ്പുതല കേസുകളും ഗ്രൂപ്പ് ബി, സി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള 28 കേസുകള്‍ വീതവുമാണ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ളത്. ഗ്രൂപ്പ് എ ഉദ്യോഗസഥര്‍ക്കെതിരെയുള്ള കേസുകളില്‍ 25 എണ്ണം നാല് വര്‍ഷം പിന്നിട്ടതാണ്. നാലെണ്ണം നാല് കൊല്ലം വരെയും 16 എണ്ണം മൂന്ന് വര്‍ഷം വരെയും ഒമ്പതെണ്ണം ഒരു വര്‍ഷത്തോളവും ആയതാണ്. 51 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നെണ്ണം അന്തിമ ഉത്തരവുകള്‍ക്കായി കേന്ദ്ര പേഴ‍്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Exit mobile version