Site iconSite icon Janayugom Online

6ജി നെറ്റ്‌വർക്ക് മിഴി തുറക്കുമ്പോൾ

2022 ഒക്ടോബറിൽ നിലവിൽ വന്ന 5ജി നെറ്റ്‌വർക്ക് സംവിധാനം രാജ്യത്ത് വ്യാപിക്കുന്ന സമയത്തു തന്നെ 6ജി ടെലികോം സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ദർശനരേഖ പുറത്തിറക്കിയിരുന്നു. 5ജിയെക്കാൾ നൂറുമടങ്ങ് വേഗതയിൽ 6ജി സേവനം ലഭ്യമാകും എന്നാണ് ദർശനരേഖയിൽ വ്യക്തമാക്കുന്നത്. വ്യവസായ വിപ്ലവത്തിലെ ഏറ്റവും മേന്മയേറിയ കാലഘട്ടമായി 6ജിയുടെ കാലം മാറും. ഓരോ നൂറ്റാണ്ടു കഴിയുംതോറും ജനങ്ങൾ പുതിയ സാങ്കേതികവിദ്യയിലേക്ക് ചേക്കേറുകയും അവ ജനങ്ങളുടെ ജീവിത നിലവാരത്തെ മാറ്റിമറിക്കുകയും ചെയ്യുകയാണ്. ഓരോ തലമുറയും പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുവാൻ മത്സരിക്കുന്ന സമയത്താണ് 6ജി നെറ്റ്‌വർക്ക് കടന്നുവരുന്നത്. ഇന്ത്യയിൽ 100 കോടിയിലധികം ജനങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ബ്രോഡ്ബാൻഡ് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. വെറുതെ ഉപയോഗിക്കുന്നതിനപ്പുറം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാൻ ഉതകുന്ന സർവതല സ്പർശിയായ സംവിധാനമാകും 6ജി എന്ന് ദർശനരേഖയിൽ വ്യക്തമാക്കുന്നു. ബുദ്ധിയുള്ള തൊഴിലിടം ഉണ്ടാകും, സെൻസറുകൾ വ്യാപകമാകും. ഉയർന്ന ഊർജ ഉപയോഗം കുറയ്ക്കുവാനും കാർബൺ ബഹിർഗമനം നിലവിലുള്ളതിൽ നിന്നും കുറയുവാനും മനുഷ്യനും യന്ത്രവും തമ്മിലുള്ള അകലം കുറയ്ക്കുവാനും 6ജിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

സ്ഥലങ്ങളുടെ ദൂരം കുറഞ്ഞ്, ലോകം കൈപ്പിടിയിൽ ഒതുങ്ങുന്നതിന്റെ വേഗത അമ്പരപ്പിക്കുന്ന രീതിയിലാണ്. സേവനങ്ങളുടെ സ്ഥാപനവൽക്കരണം ക്രമേണ ഇല്ലാതാകും. റോബോട്ടുകൾ വ്യാപരിക്കുന്നതിനും ഡ്രോണുകൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനും 6ജി വഴിയൊരുക്കും. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ സുലഭമാകും. മനുഷ്യ ശരീരത്തിനുള്ളില്‍ ഘടിപ്പിക്കുന്ന കാമറകള്‍ വഴി രോഗനിർണയം നടത്തുന്നതിനും ചിപ്പുകളുടെ മായാലോകം സൃഷ്ടിക്കപ്പെടുന്നതിനും 6ജി കാരണമാകും. വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എത്തിപ്പിടിക്കാനാകാത്ത സ്ഥലങ്ങളിൽ എത്തുന്നതിനും ലോകം വിപുലമാകുന്നതിനും സാധാരണക്കാർക്ക് പരിചിതമാകുന്നതിനും 6ജി അവസരമൊരുക്കും. 6ജി നെറ്റ്‌വർക്ക് വരുന്നതോടെ സെക്കൻഡിൽ 100 എംബി വരെ ഇന്റർനെറ്റ് ലഭ്യമാകുമെന്നതാണ് പ്രത്യേകത. ദൂരെനിന്ന് നിയന്ത്രിക്കുന്ന എടിഎമ്മുകളും റോബോട്ടുകൾ നിയന്ത്രിക്കുന്ന ആരോഗ്യരംഗവും ഇ‑കോമേഴ്‌സിന്റെ പുതിയ തലവും ഇതിലൂടെ യാഥാർത്ഥ്യമാകും. ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തുമെന്ന് ഏകദേശം വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. 4ജിയിൽ ഒരു ലക്ഷം ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു ചതുരശ്ര കിലോമീറ്ററിൽ ഘടിപ്പിക്കാൻ കഴിയുമെങ്കിൽ 5ജിയിൽ അത് 10 ലക്ഷവും 6ജിയിൽ അത് 10 ദശലക്ഷവും ആണ്.


ഇതുകൂടി വായിക്കൂ: മോഡി ചങ്ങാത്തത്തില്‍ പണിത കടലാസ് കൊട്ടാരം


ഉയർന്ന സുരക്ഷ, വ്യക്തിപരമായ ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള ചടുലത, 5ജിയിൽ ലഭിക്കാത്ത സ്വപ്നതുല്യമായ വേഗത, സെൻസർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം, പുതുമയുള്ളതും സ്വാധീനിക്കുവാൻ ഉതകുന്നതുമായ പുത്തൻ സാങ്കേതികവിദ്യകൾ, ഉപയോഗ ചെലവ് താരതമ്യേന കുറവ്, ഏത് സ്ഥലത്തും ലഭ്യമാകുന്ന ഉയർന്ന സമ്പർക്ക സാധ്യത, വീടിനകത്ത് നെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന ഗുണനിലവാരം ഇതെല്ലാം 6ജിയുടെ പ്രത്യേകതയാണ്. ഇതിനുവേണ്ടി ആറ് പ്രത്യേക കമ്മിറ്റി ഉണ്ടാക്കി, മിഷൻ അപ്പക്സ് ബോഡി ഡയറക്ടറേറ്റ് ഉണ്ടാക്കുമെന്ന് ദർശനരേഖ പറയുന്നു. വിപുലമായ ഒരുക്കങ്ങളോടെയാണ് രാജ്യത്ത് 6ജി പിറന്നുവീഴാൻ പോകുന്നത്. ആ ഗോളതലത്തിലുള്ള സാധ്യതകളെ പരമാവധി ഉപയോഗിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ടെലികോം മേഖലയിലുണ്ടായ മാറ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 6ജി രാജ്യത്ത് കടന്നുവരിക. 30 കോടി ഇന്ത്യൻ കുടുംബങ്ങൾ 16 കോടി സ്മാർട്ട്ഫോൺ ഒരു വർഷം വാങ്ങിക്കുന്നുവെന്നാണ് കണക്ക്. ഒരു കുടുംബം രണ്ടുവർഷം കൂടുമ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 5ജി സ്പെക്ട്രം വലിയ തുകയിൽ വിറ്റുപോയത് പ്രതീക്ഷ നല്കുന്നു.

ഇന്ത്യയിൽ 2030ൽ 6ജി യാഥാർത്ഥ്യമാകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 4ജി ഗെയിമിങ്ങിനും വിനോദത്തിനും കുതിച്ചുചാട്ടം ഉണ്ടാക്കിയെങ്കിൽ 5ജി വേഗതയിൽ വിപ്ലവം സൃഷ്ടിച്ചു. 6ജി അതിനെക്കാൾ ഉയരത്തിൽ, സാമൂഹ്യ പശ്ചാത്തല ഇടങ്ങളെ സാമ്പത്തിക അവസരങ്ങളുടെ ഇടമാക്കി മാറ്റും. നിലവിൽ ദക്ഷിണ കൊറിയ 1200 കോടി മുതൽമുടക്കി ആറാംതലമുറ ടെലികോം നെറ്റിനെ സ്വീകരിക്കുന്നതിനുവേണ്ടി പ്രവർത്തനം ആരംഭിച്ചു. 2028ൽ അവിടെ 6ജി ആരംഭിക്കുമെന്ന പ്രഖ്യാപനം, ലോക രാജ്യങ്ങൾ തമ്മിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ 6ജിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയില്‍ 10 വർഷത്തെ ദീർഘകാല പരിപ്രേക്ഷ്യമാണ് ഇതിനായി സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. നിലവിലെ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച്, വേഗത ഒരു ടിബി(ടെറാഹെർട്സ്) യാക്കിയും സാമൂഹ്യ റേഡിയോ സാങ്കേതികവിദ്യ അമിതമായി ഉപയോഗിക്കുന്ന സംവിധാനത്തിലൂടെയും 2030നകം 100 എംബി നെറ്റ് എല്ലാ ജനങ്ങളിലും എത്തിച്ച് 6ജി കടന്നുവരുമെന്നാണ് പ്രഖ്യാപനം. ഗ്രാമപഞ്ചായത്തുകളുടെ നെറ്റ് കണക്ടിവിറ്റി 500 ജിബി ആകും. 90ശതമാനം വീടുകളിലും ഉയർന്ന വേഗതയിലുള്ള ബ്രോഡ്ബാൻഡ് നെറ്റ് സൗകര്യവും രാജ്യത്താകമാനം 50 ദശലക്ഷം പൊതു വൈഫൈ ഹോട്ട്സ്പോട്ടുകളും ഉണ്ടാക്കും. സ്പെക്ടര്‍ ബാന്‍ഡുകളെ ലൈസൻസിൽ നിന്നും ഒഴിവാക്കും. 25 ദശലക്ഷം ഇന്റർനെറ്റ് യന്ത്രങ്ങൾ ജനങ്ങളുടെ ബുദ്ധിവികാസത്തിന് വേണ്ടി സ്ഥാപിക്കും.


ഇതുകൂടി വായിക്കൂ: കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല


ദുരന്തനിവാരണം എളുപ്പമാക്കും. രാജ്യം നേരിടുന്ന കാതലായ പ്രശ്നങ്ങളായ ക്രമസമാധാനം, ആരോഗ്യരംഗം, വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ ഉണ്ടാക്കല്‍, ജീവിത നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ഡിജിറ്റൽ സേവനങ്ങൾ, സദ്ഭരണം, അതിർത്തി രക്ഷാ സംവിധാനം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ 6ജി വ്യാപരിക്കുമെന്നാണ് ദര്‍ശനരേഖ പറയുന്നത്. 5ജി പൂർണമായും എല്ലാ ആളുകളിലും എത്തുന്നതിനുമുമ്പ് 6ജിയെ കുറിച്ച് ആലോചിക്കുന്നതില്‍ എതിരഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ലോകത്ത് ഇതുവരെ ഒരു രാജ്യത്തും ഇത് ആരംഭിച്ചിട്ടില്ല. 6ജിയുടെ വരവ് സംബന്ധിച്ച് ഒക്ടോബർ 18 മുതൽ 20 വരെ പാരീസിൽ വച്ച് അന്താരാഷ്ട്ര സമ്മേളനം നടക്കാൻ പോവുകയാണ്. ഇവിടെവച്ചാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ലോകരാജ്യങ്ങൾക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുക.

Exit mobile version