January 27, 2023 Friday

Related news

January 25, 2023
January 24, 2023
January 24, 2023
January 24, 2023
January 23, 2023
January 22, 2023
January 21, 2023
January 21, 2023
January 19, 2023
January 18, 2023

കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല

Janayugom Webdesk
January 23, 2023 5:00 am

മുഖവെെകല്യം കാണുമ്പോൾ കണ്ണാടിയെ പഴിപറഞ്ഞിട്ട് കാര്യമില്ല. പഴുത്തൊലിക്കുന്ന വ്രണമാണ് മുഖത്ത് എന്ന് കണ്ണാടി കാണിച്ചു തരുമ്പോൾ അതനുസരിച്ചുള്ള ചികിത്സയാണ് ഉണ്ടാകേണ്ടത്. ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ’ന്റെ ആദ്യ എപ്പിസോഡ് നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ട്വിറ്ററിനോടും യൂട്യൂബിനോടും ഉത്തരവിട്ടത് കണ്ണാടിയെ പൊതിഞ്ഞുവയ്ക്കലാണ്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ ബിബിസിയുടെ ഡോക്യുമെന്ററി ഷെയർ ചെയ്തുള്ള ട്വീറ്റുകളും നീക്കംചെയ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളും പൗരാവകാശ പ്രവർത്തകരും വ്യാപകമായി ഡോക്യുമെന്ററിയുടെ ലിങ്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. 2002 ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി അക്രമങ്ങളോട് സ്വീകരിച്ച സമീപനത്തെക്കുറിച്ചാണ് രണ്ട് എപ്പിസോഡുള്ള ഡോക്യുമെന്ററി. ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്നുമുണ്ട്. ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കലാപത്തിൽ മോഡിക്ക് പങ്കുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നത്. ഒട്ടേറെ തത്സമയ തെളിവുകളും രേഖകളും വിശദീകരണങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ബ്രിട്ടീഷ് വിദേശ മന്ത്രി ജോൺ വിറ്റാകർ സ്ട്രോ, മോഡിയുമായി സംസാരിച്ച മാധ്യമപ്രവർത്തക ജിൽ മഗി വറിങ് തുടങ്ങിയവരുടെ അഭിമുഖങ്ങളും ആർ ബി ശ്രീകുമാർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ഇതിലുണ്ട്. മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതിയുടെ പുറത്താണ് ഗുജറാത്ത് കലാപം നടന്നതെന്ന് ഡോക്യുമെന്ററി അടിവരയിടുന്നു.

എന്നാൽ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയെക്കാളും, സുപ്രീം കോടതിയെക്കാളും മുകളിലാണ് ബിബിസിയെന്ന് അവര്‍ കരുതുന്നുവെന്നുമാണ് സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു പറയുന്നത്. ഇത്തരക്കാർ രാജ്യത്തെ ദുർബലപ്പെടുത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി വിമർശിക്കുന്നു. എന്നാൽ വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് ബിബിസി മറുപടി നൽകിയിട്ടുണ്ട്. കലാപം നടക്കുമ്പോൾ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, കൊലപാതകങ്ങൾക്ക് ‘നരേന്ദ്രമോഡി നേരിട്ട് ഉത്തരവാദി’യാണ് എന്ന റിപ്പോർട്ട് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ലണ്ടനിലെ ഓഫിസിലേക്ക് അയച്ചതായി ഇന്നലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും ആവർത്തിച്ചു. ഫെബ്രുവരി 27 ന് നരേന്ദ്ര മോഡി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണുകയും കലാപത്തിൽ ഇടപെടരുതെന്ന് ഉത്തരവിടുകയും ചെയ്തുവെന്ന് സ്ട്രോ പറയുന്നു. ഗുജറാത്തിലെ കലാപത്തിന് വംശീയ ഉന്മൂലനത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെന്ന് തനിക്ക് ലഭിച്ച റിപ്പോർട്ടിലുണ്ടായിരുന്നെന്നും സ്ട്രോ സ്ഥിരീകരിക്കുന്നു. ഇന്ത്യയിലെ വർഗീയ പ്രശ്നങ്ങളുടെ ചരിത്രത്തെക്കുറിച്ച് തനിക്ക് അറിയാവുന്നതുകൊണ്ട് ഗുജറാത്തിലെ പ്രശ്നങ്ങളിൽ നിരാശയുണ്ടായെങ്കിലും പ്രത്യേകിച്ച് ആശ്ചര്യം തോന്നിയില്ലെന്നുമാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്.


ഇതുകൂടി വായിക്കൂ: മാധ്യമമാരണത്തിന്റെ പുതിയ രൂപം


ബിബിസി ഡോക്യുമെന്ററി സെൻസർ ചെയ്ത കേന്ദ്രസർക്കാർ നടപടിയെ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക എഡിറ്റർ പി സായിനാഥ് വിലയിരുത്തിയത് ‘വിഷലിപ്തം’ എന്നാണ്. ഈ വിഷയത്തോടുള്ള മാധ്യമ സമീപനം ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ ഭീരുത്വ നടപടിയോടെ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകൾക്കും ഡോക്യുമെന്ററി ലഭ്യമല്ലാതായി. മുൻ വിദേശകാര്യ സെക്രട്ടറിയും ബ്രിട്ടീഷ് സർക്കാരിന്റെ മന്ത്രിതലത്തിലുള്ള ആളുകളുമാണ് ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നത്. കേന്ദ്രത്തിന്റെ നടപടിയെ കേവലം സെൻസർഷിപ്പ് ആയി കാണാനാകില്ല. പലതരത്തിൽ ഭരണകൂട സ്വാധീനത്തിൽപ്പെട്ട് സ്വയം സെൻസർഷിപ്പ് സ്വീകരിക്കുന്ന മാധ്യമങ്ങളാണ് ഇന്ന് നിലവിലുള്ളവയിൽ അധികവും. എന്നിട്ടും ശേഷിക്കുന്ന ചെറുകിട മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് മോഡി സർക്കാർ മൂടിക്കെട്ടുന്നത്. സ്വന്തം വെെകൃതം പുറത്തറിയാതിരിക്കാൻ ജനങ്ങളുടെ കണ്ണും കാതും കൊട്ടിയടയ്ക്കാനും നാവടപ്പിക്കാനുമുള്ള ഉത്തരവുകൾ ഫാസിസത്തിന്റെതാണ്. ഡോക്യുമെന്ററിയിൽ ഉള്ളത് സത്യവിരുദ്ധമായ കാര്യങ്ങളാണെങ്കിൽ നിയമപരമായി അതിനെ നേരിടുകയാണ് വേണ്ടത്. നയതന്ത്രതലത്തിൽ ഇടപെടുകയും തെറ്റ് തിരുത്തിക്കുകയും ചെയ്യണം. അതല്ലാതെ രാജ്യത്തെ ജനങ്ങളിൽ നിന്ന് അത് മറച്ചുവയ്ക്കുന്നത് ഭീരുത്വമാണ്, സത്യം പുറത്തറിയുന്നതിലെ ജാള്യത മറയ്ക്കലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.