Site iconSite icon Janayugom Online

അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ആറാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു; കേസെടുക്കാൻ വിസമ്മതിച്ച് പൊലീസ്

ഉത്തർപ്രദേശിലെ കൗശാംബിയിൽ അധ്യാപകന്റെ അടിയേറ്റ് ആറാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദിത്യ കുശ്‌വാഹ എന്ന കുട്ടിയുടെ ഇടതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. വടികൊണ്ടാണ് അധ്യാപകൻ അടിച്ചത്. രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല. സംഭവത്തില്‍ ആദിത്യയുടെ അമ്മ നീതിക്കായി ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചിരിക്കുകയാണ്. ഇയാളുടെ അമ്മ നല്‍കിയ പരാതിയില്‍ അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പോലീസ് കേസെടുത്തു. 

മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കളിക്കാൻ പോയ വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാൻ ആദിത്യയെയാണ് അധ്യാപകൻ ഏര്‍പ്പെടുത്തിയിരുന്നത്. കുട്ടികള്‍ തിരിച്ചെത്തിയില്ലെന്നാരോപിച്ച് അധ്യാപകൻ ആദിത്യയെ വടികൊണ്ട് അടിക്കുകയായിരുന്നു. വടി തട്ടി കണ്ണില്‍നിന്ന് രക്തം വാര്‍ന്നു. തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍പ്പോലും എത്തിക്കാതെ ക്ലാസില്‍ കിടത്തുകയായിരുന്നു. വീട്ടില്‍ അറിയിച്ചത് സഹപാഠികളാണെന്നും കുട്ടി വെളിപ്പെടുത്തി. നിലവില്‍ ആദിത്യയുടെ ഇടതുകണ്ണിന് കാഴ്ചശക്തിയില്ല. പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചതായും കുട്ടിയുടെ അമ്മ പറഞ്ഞു. ഇതിനിടയിൽ, വിഷയം കുഴിച്ചുമൂടാൻ അധ്യാപകൻ കുടുംബത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അവര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version