Site iconSite icon Janayugom Online

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഐഎംഎഫിന്റെ 700കോടി ഡോളര്‍

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 700 കോടി ഡോളറിന്റെ വായ്പാ പാക്കേജിന് രാജ്യാന്തര നാണ്യനിധിയുടെ അംഗീകാരം.ആദ്യ ഘട്ടമായി 110 കോടി ഡോളര്‍ ഉടന്‍ അനുവദിക്കും. കാര്‍ഷിക ആദായനികുതി പരിഷ്‌കരിക്കും സബ്സിഡികള്‍ പരിമിതപ്പെടുത്തും എന്നതടക്കം വിവിധ വ്യവസ്ഥകള്‍ പാലിക്കുമെന്ന പാകിസ്ഥാന്റെ ഉറപ്പിന്മേലാണ് വായ്പാ പാക്കേജ് അനുവദിക്കാന്‍ ഐഎംഎഫ് തീരുമാനിച്ചത്.

ബുധനാഴ്ച വാഷിംഗ്ടണില്‍ ഐഎംഎഫ് ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 700 കോടി ഡോളറിന്റെ പാക്കേജിന് ഐഎംഎഫ് അംഗീകാരം നല്‍കിയ കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.ഐഎംഎഫ് വായ്പയ്ക്ക് പാകിസ്ഥാന്‍ ഏകദേശം 5 ശതമാനം പലിശ നല്‍കണം.കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാകിസ്ഥാന്റെ നികുതി വരുമാനത്തിന്റെ 81 ശതമാനവും ബാഹ്യവും ആഭ്യന്തരവുമായ കടം തീര്‍ക്കുന്നതിനാണ് വിനിയോഗിച്ചത്. ഇത് പുനഃക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഐഎംഎഫ് വായ്പ പാകിസ്ഥാന്‍ വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.

പബ്ലിക് ഫിനാന്‍സ് ഏകോപിപ്പിക്കുക, വിദേശനാണ്യ കരുതല്‍ ശേഖരം പുനഃക്രമീകരിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ നിന്നുള്ള സാമ്പത്തിക അപകടസാധ്യതകള്‍ കുറയ്ക്കുക, സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള വളര്‍ച്ച പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഐഎംഎഫിനെ സമീപിച്ചത്. ഇത്തരം നടപടികളിലൂടെ മാക്രോ ഇക്കണോമിക് സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.

Exit mobile version