Site iconSite icon Janayugom Online

ജിമ്മിൽ വെച്ച് സ്ത്രീയുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പൊലീസ് വെടിവച്ചു കൊന്നു

ഡാളസിലെ കരോൾട്ടണിൽ പൊലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പൊലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെ മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്.

പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ലെന്നും പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു.

എന്നാൽ പോലീസ് റിപ്പോർട്ടിൽ നിർണ്ണായകമായ ഒരു വിവരം മറച്ചുവെച്ചതായി ബേൺസിന്റെ സഹോദരപുത്രി ആരോപിക്കുന്നു. തന്റെ അങ്കിൾ പൂർണ്ണമായും ബധിരനായിരുന്നുവെന്നും (Deaf) ശ്രവണസഹായി ഇല്ലാതെ അദ്ദേഹത്തിന് ഒന്നും കേൾക്കാൻ കഴിയില്ലായിരുന്നുവെന്നുമാണ് അവർ വെളിപ്പെടുത്തിയത്. പോലീസിന്റെ നിർദ്ദേശങ്ങൾ അദ്ദേഹം കേൾക്കാതിരുന്നതാകാം ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ സൂചന.

മൈക്കൽ ബേൺസ് ദൈവഭയമുള്ള ആളായിരുന്നുവെന്നും 30 വർഷത്തിലേറെയായി മദ്യപാനം ഉപേക്ഷിച്ച് മാതൃകാപരമായ ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരി റോസി ഫാൽക്കൺ പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കരോൾട്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Exit mobile version