തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിയാങ് മായിലെ ‘ടൈഗർ കിംഗ്ഡം’ പാർക്കിൽ ഡസൻകണക്കിന് കടുവകൾ ചത്തൊടുങ്ങിയ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ഈ മാസം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 72 കടുവകളാണ് ചത്തത്. വിനോദസഞ്ചാരികളെ കടുവകളെ തൊടാനും അവയ്‌ക്കൊപ്പം സമയം ചെലവഴിക്കാനും അനുവാദിക്കുന്ന പാർക്കാണിത്. ചത്ത കടുവകളുടെ സാമ്പിൾ പരിശോധിച്ചപ്പോൾ കാനിൻ ഡിസ്റ്റംപർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പ്രാദേശിക ലൈവ്‌സ്റ്റോക്ക് വകുപ്പ് അറിയിച്ചു. എന്നാൽ ഈ പകർച്ചവ്യാധി എങ്ങനെയാണ് ഉണ്ടായതെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്നും കൂടുതൽ കടുവകൾ ചാവുന്നില്ലെന്നും അധികൃതർ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കടുവകളെ പരിചരിച്ച ജീവനക്കാർക്കോ മറ്റാർക്കെങ്കിലുമോ രോഗബാധയേറ്റതായി റിപ്പോർട്ടുകളില്ല. ചത്ത കടുവകളുടെ അവശിഷ്ടങ്ങൾ മറവുചെയ്‌തുവെന്നും അതീവ ഗുരുതരാവസ്ഥയിലുള്ള കടുവകളെ ദയാവധത്തിന് വിധേയമാക്കാൻ ശുപാർശ നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. കാനിൻ ഡിസ്റ്റംപർ വൈറസിനു പുറമെ, കടുവകളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ഫെലൈൻ പാർവോവൈറസ് ബാധിച്ചതാകാം മരണകാരണമെന്ന് സംശയിച്ചിരുന്നു. കടുവകൾക്ക് ഭക്ഷണമായി നൽകിയ പച്ചക്കോഴി ഇറച്ചിയിൽ നിന്നാകാം അണുബാധയുണ്ടായതെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നു. 2004ൽ ചോൻബുരിയിലെ മറ്റൊരു ടൈഗർ സൂവിലും സമാനമായ രീതിയിൽ പക്ഷിപ്പനി പടർന്നുപിടിക്കുകയും 150ഓളം കടുവകൾ ചാവുകയും ചെയ്തിരുന്നു. നിലവിൽ ചിയാങ് മായിലെ ടൈഗർ കിംഗ്ഡം രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പാർക്ക് തുറന്നു നൽകൂ. തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കടുവകളെ പാർപ്പിച്ചിരിക്കുന്ന മോശം സാഹചര്യമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് മൃഗസംരക്ഷണ സംഘടനകൾ ആരോപിച്ചു. വന്യമൃഗങ്ങളെ വിനോദത്തിനായി ഉപയോഗിക്കുന്നത് അവയെ പകർച്ചവ്യാധികൾക്ക് എളുപ്പത്തിൽ ഇരയാക്കുമെന്ന് വൈൽഡ് ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.

