Site iconSite icon Janayugom Online

രാജ്യത്ത് വിദ്വേഷ പ്രസംഗത്തില്‍ 74 ശതമാനം വര്‍ധന; ഉടമാവകാശം സംഘ്പരിവാറിന് തന്നെ

രാജ്യത്ത് വിദ്വേഷ പ്രസംഗം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും അതില്‍ ഭൂരിപക്ഷവും ബിജെപിയുള്‍പ്പെട്ട സംഘ് പരിവാറിന്റെ ഉത്തരവാദിത്തത്തിലാണെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വിദ്വേഷ പ്രസംഗം 74 ശതമാനം വര്‍ധിച്ചതായി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് പറയുന്നു. 2024ല്‍ 1,000 വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2023 ല്‍ 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്താണ് ഈ ഉയര്‍ച്ച. രാജ്യം ഭരിക്കുന്ന ബിജെപിയും സഖ്യകക്ഷികളുമാണ് ഇതില്‍ ഭൂരിപക്ഷം കേസുകളിലും പ്രതിസ്ഥാനത്ത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ ബിജെപി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 47 ശതമാനം വിദ്വേഷ പ്രസംഗങ്ങളും അരങ്ങേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,165 ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളില്‍ 98.5 ശതമാനവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പത്ത് ശതമാനം ക്രിസ്ത്യാനികളും വിദ്വേഷ പ്രസംഗത്തിന്റെ ഇരകളായി. 80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപിയും സഖ്യകക്ഷികളും ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 20 ശതമാനം കേസുകളാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 

2024ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ട 340 കേസുകളില്‍ 30 ശതമാനത്തിലും ബിജെപിയാണ് പ്രതിസ്ഥാനത്ത്. ആര്‍എസ്എസ് സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നിവയാണ് ന്യൂനപക്ഷ വിരുദ്ധത ആളിക്കത്തിച്ചത്. 279 കേസുകളാണ് ഇരു സംഘടനകളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഏപ്രില്‍ 21ന് പ്രധാനമന്ത്രി നടത്തിയ നിന്ദ്യവും ഹീനവുമായ വിദ്വേഷ പ്രസംഗത്തിനുശേഷമാണ് മുസ്ലിങ്ങളെ ഉന്നമിട്ടുള്ള പ്രസ്താവനകള്‍ക്ക് ആക്കം വര്‍ധിപ്പിച്ചത്. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായും കൂടുതല്‍ കുട്ടികളെ ഉണ്ടാകുന്നവരായും മോഡി ചിത്രീകരിച്ചത് ഹൈന്ദവ സംഘടനകള്‍ക്ക് ശക്തിപകര്‍ന്നു.

രാഷ്ട്രീയക്കാര്‍ നടത്തിയ 462 വിദ്വേഷ പ്രസംഗങ്ങളില്‍ 452 എണ്ണവും നടത്തിയ ബിജെപി നേതാക്കളുടേതായിരുന്നു. നരേന്ദ്ര മോഡിക്ക് പുറമേ അമിത് ഷാ, ആദിത്യനാഥ് എന്നീ ബിജെപി നേതാക്കളും ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ പ്രസംഗം നടത്താന്‍ മത്സരിച്ചു. 2024ല്‍ രേഖപ്പെടുത്തിയ 1,165 വിദ്വേഷ പ്രസംഗങ്ങളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ് ബുക്ക്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നിവ വഴി ലൈവായി പ്രദര്‍ശിപ്പിച്ചുവെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗത്തിന്റെ നിരക്ക് കൂടുതല്‍. ഇവിടെയും ബിജെപി, വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നിവയുടെ സാന്നിധ്യം പ്രകടമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വിദ്വേഷ പ്രസംഗം താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version