Site iconSite icon Janayugom Online

പൊതുമേഖലാ ലാഭവിഹിതമായി കേന്ദ്രം നേടിയത് 74,106 കോടി

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന മോഡി സര്‍ക്കാര്‍ അവശേഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലാഭവിഹിതമായി നേടിയത് റെക്കോഡ് തുക. 2024–25 സാമ്പത്തിക വര്‍ഷം 74,106 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭവിഹിതമായി കൈമാറിയത്.
2023–24 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 16 ശതമാനം വര്‍ധനവുണ്ടായി. 63,749.3 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. റിസര്‍വ് ബാങ്കും മറ്റ് പൊതുമേഖലാ ബാങ്കുകളും 2.56 ലക്ഷം കോടി ലാഭവിഹിതമായി നല്‍കാനിരിക്കുകയാണ്. ഇതോടെ 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തിന് ലഭിച്ച മൊത്തം ലാഭവിഹിതം ബജറ്റ് എസ്റ്റിമേറ്റ് തുകയായ 55,000 കോടിയെക്കാള്‍ ഏറെ മുന്നിലായി.

കോള്‍ ഇന്ത്യയാണ് ലാഭവിഹിതത്തില്‍ മുന്‍പന്തിയില്‍. 10.252 കോടിയാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ 10,002, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 3,562.47 കോടി തുടങ്ങിയ സ്ഥാപനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ടെലിക്കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് 3,761.50, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് 3,619.06 എന്നീ കമ്പനികളും ഉയര്‍ന്നവിഹിതം കൈമാറി.
ഓരോ പൊതുമേഖല സ്ഥാപനവും നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ കുറഞ്ഞത് 30 ശതമാനം അല്ലെങ്കില്‍ മൊത്തം മൂല്യത്തിന്റെ നാല് ശതമാനം കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്നാണ് വ്യവസ്ഥ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അറ്റാദായത്തിന്റെ 30 ശതമാനം ലാഭവിഹിതമായി നല്‍കണമെന്നും നിയമമുണ്ട്. 

2025–26 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്കില്‍ നിന്നും മറ്റ് പൊതുമേഖല ബാങ്കുകളില്‍ നിന്നും 2.56 ലക്ഷം കോടി ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിക്ഷീക്കുന്നതായി ബജറ്റ് അവതരണ വേളയില്‍ ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സഭയില്‍ പറഞ്ഞിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും വിറ്റുതുലയ്ക്കുന്ന മോഡി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ നീക്കം ശക്തമായി തുടരുന്ന അവസരത്തിലാണ് റെക്കോഡ് ലാഭവിഹിതം കൈമാറി പൊതുമേഖലയുടെ കരുത്ത് തെളിയിച്ചിരിക്കുന്നത്. 

Exit mobile version