Site icon Janayugom Online

75 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക്; സുരക്ഷയിൽ വൻവീഴ്ച, അധിക്രതർ മൗനത്തിൽ

എഴുപത്തഞ്ചു കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക്. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി സൈബര്‍ സുരക്ഷാ സ്ഥാപനം. ഇന്റര്‍നെറ്റിലെ അധോലോകമാണ് ഡാര്‍ക്ക് വെബ്. ലഹരിമരുന്നുകള്‍, ആയുധങ്ങള്‍, ചൂതാട്ടം, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധമായ ഏത് കാര്യവും ചെയ്യാനും വില്‍പ്പന നടത്താനുമൊക്കെ കഴിയുന്ന സൈബർ ലോകത്തെ കുറ്റകൃത്യങ്ങളുടെ ഇടമാണത്. സമീപകാലത്തായി ഡാർക് വെബ്ബില്‍ നടന്നുവരുന്ന ഒരു കുറ്റകൃത്യം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനക്ക് വെക്കുന്നതാണ്. സോഷ്യല്‍ മീഡിയകളില്‍ നിന്നും സർക്കാർ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ അപഹരിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ഡാറ്റ, ഡാർക് വെബ്ബില്‍ ലഭ്യമായിട്ടുള്ള വാർത്തകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ 750 ദശലക്ഷം ടെലികോം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാർക്ക് വെബില്‍ വില്‍പ്പനക്കെത്തിയിരിക്കുകയാണ്.ആധാർ അടക്കമുള്ള വിവരങ്ങൾ ചോരാതെ സൂക്ഷിക്കുന്നതിൽ ഭരണകൂടത്തിന്റെ പരാജയമാണ് പൗരന്റെ മുഴുവൻ വ്യക്തി വിവരങ്ങളും വിൽപ്പനയ്ക്കായി വെക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചത് .നിസാര കാര്യങ്ങൾക്ക് പോലും വ്യക്തി വിവരങ്ങൾ വാങ്ങി സുരക്ഷ ഇല്ലാതെ സൂക്ഷിക്കുന്ന ബാങ്കുകൾ അടക്കം ഈ ചോർച്ചയിൽ പ്രതിസ്ഥാനത്താണ്.

സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് (Cloud­SEK) ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അവരുടെ എ.ഐ ഡിജിറ്റല്‍ റിസ്‌ക് പ്ലാറ്റ്‌ഫോമായ എക്സ്വിജില്‍ ആണ് ഡാറ്റാ ലീക്ക് കണ്ടെത്തിയത്. പേരുകള്‍, മൊബൈല്‍ നമ്ബറുകള്‍, വിലാസങ്ങള്‍, ആധാർ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ചോർന്നത്. 1.8 ടെറാബൈറ്റ് (1.8 TB) വലിപ്പമുള്ള ഈ വിപുല ഡാറ്റാബേസ് CyboDev­il, UNIT8200 എന്നീ സൈബർ ക്രിമിനല്‍ സംഘമാണ് വില്‍പ്പന നടത്തുന്നത്.

രാജ്യംകണ്ട ഏറ്റവും വലിയ ഡാറ്റാ ചോർച്ചകളില്‍ ഒന്നാണിത്. ഇന്ത്യൻ ജനസംഖ്യയിലെ 85 ശതമാനം പേരെയും ബാധിക്കുന്നതാണ് ചോർച്ചയെന്നും ഹാക്ക് ചെയ്ത ഡാറ്റ സ്വന്തമാക്കാൻ 3000 ഡോളറാണ് കുറ്റവാളികള്‍ ആവശ്യപ്പെടുന്നതെന്നും ക്ലൗഡ്സെക് റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ ടെലികോം സേവനദാതാക്കളെയും വിവരച്ചോർച്ച ബാധിച്ചതായി സാമ്പിള്‍ ഡാറ്റാസെറ്റിൻ്റെ പ്രാഥമിക വിശകലനത്തിന് ശേഷം ക്ലൗഡ്സെക് വെളിപ്പെടുത്തുന്നു. ഈ ലംഘനം സാമ്ബത്തിക നഷ്ടം, ഐഡൻ്റിറ്റി മോഷണം, മാനഹാനി, സൈബർ ആക്രമണങ്ങള്‍ക്കുള്ള ഉയർന്ന അപകടസാധ്യത എന്നിവയിലേക്ക് നയിച്ചേക്കാം. സംശയാസ്പദമായ ഇമെയിലുകള്‍, ടെക്സ്റ്റുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക.പൊതുസ്ഥാപനങ്ങളുടെ പേരിൽ വരുന്ന ലിങ്കുകളിൽ കൂടുതൽ പരിശോധന നടത്തി മാത്രം വിവരങ്ങൾ കൈമാറുകയാണ് ഈ ഭീഷണി നേരിടാൻ ഉത്തമമായ മാർഗമെന്ന് വിദഗ്ദ്ധർ പറയുന്നു.

Eng­lish Summary:75 Crore Indi­ans’ Per­son­al Data Up for Sale on Dark Web; A huge lapse in secu­ri­ty, the author­i­ties are silent

You may also like this video

Exit mobile version