രാജ്യത്തെ നാലില്‍ മൂന്നുപേരും ഉഷ്ണതരംഗത്തിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പഠനം. കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ഇന്ത്യയിലെ 57 ശതമാനം ജില്ലകളും കൊടും ചൂടിന്റെ വക്കിലാണെന്ന് പഠനം പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ 76 ശതമാനവും ഈ ജില്ലകളില്‍ ജീവിക്കുന്നവരാണ്. ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ള പത്ത് സംസ്ഥാനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. അതില്‍ ഒന്നാം സ്ഥാനത്ത് ഡല്‍ഹിയും രണ്ടാമത് ആന്ധ്രാപ്രദേശുമാണ്. ഗോവ, കേരള, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവയാണ് ചൂടിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ സാധ്യതയുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ 734 ജില്ലകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 417 ജില്ലകള്‍ അപകടമാംവിധം ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളവയാണെന്ന് പഠനം കണ്ടെത്തി. കര്‍ഷകത്തൊഴിലാളികള്‍ നിരവധിയുള്ള കേരളം, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
201 ജില്ലകള്‍ മിതമായ അപകടസാധ്യത നേരിടുന്നവയാണ്. അതേസമയം 116 ജില്ലകള്‍ അപകട സാധ്യത കുറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടുന്നു. വടക്കേന്ത്യയില്‍ പ്രത്യേകിച്ച് ഗംഗാസമതലങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൂടുള്ള രാത്രികളുടെ എണ്ണത്തിലും ആപേക്ഷിക സാന്ദ്രതയിലും വര്‍ധനവുണ്ടായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായ പങ്കുവഹിക്കുന്ന നഗരങ്ങളായ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഭോപ്പാല്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗം വര്‍ധിക്കുന്നതായും പഠനം നിരീക്ഷിച്ചു.
1982–2011 വരെയുള്ള കാലാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2012 മുതല്‍22 വരെയുള്ള വര്‍ഷങ്ങളിലെ ഓരോ വേനല്‍ക്കാലത്തും അഞ്ചില്‍ കൂടുതല്‍ ചൂട് കൂടിയ ദിവസങ്ങള്‍ ഉണ്ടായതായാണ് കണക്ക്. ചൂടുള്ള പകലുകളേക്കാള്‍ രാത്രികളുടെ എണ്ണം കൂടുന്നതായും പഠനം കണ്ടെത്തിയിരുന്നു. ഇത് മനുഷ്യ ശരീരത്തിലെ ചൂട് വര്‍ധിക്കാനും പല അസുഖങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഗംഗാസമതലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആപേക്ഷിക സാന്ദ്രതയില്‍ 10 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവും നീണ്ടുനില്‍ക്കുന്നതുമായ വേനല്‍ക്കാലത്തിന്റെയും അപകടാമാംവിധം ചൂടുള്ള രാത്രികളുടെയും ഒരു യുഗത്തിലേക്കാണ് മനുഷ്യകുലം ഇനി കാലെടുത്തുവയ്ക്കാന്‍ പോകുന്നതെന്ന് സിഇഇഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അരുണാഭ ഘോഷ് പറഞ്ഞു.

