മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ചകളുടെ പേരില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ചുമത്തിയ പിഴ 79,234.36 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷത്തിലെ ഡല്‍ഹിയുടെ ആകെ ബജറ്റിനെക്കാള്‍ കൂടുതലാണിത്. 78,800 കോടിയാണ് ഡല്‍ഹി ബജറ്റ് തുക. ഖര, ദ്രാവക മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട കേസിലാണ് ഇത്രയധികം തുക പിഴയീടാക്കിയത്. അതേസമയം നിയമമുണ്ടാക്കുന്നതും, കോടതികളും ട്രിബ്യൂണലുകളും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഒരു മികച്ച ഭരണത്തിന് പകരമാകില്ലെന്ന് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ആദര്‍ശ് കുമാര്‍ ഗോയെല്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് നിരീക്ഷിച്ചു. മാലിന്യനിര്‍മ്മാര്‍ജനം ഉന്നത പരിഗണന നല്‍കി പരിഹരിക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്നും കേസ് തീര്‍പ്പാക്കിക്കൊണ്ട് ബെഞ്ച് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാണിച്ച് 2018ല്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഖര, ദ്രാവക മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജനം ഉറപ്പാക്കുന്നതിനായി 2014,17 വര്‍ഷങ്ങളില്‍ സുപ്രീം കോടതി പുറത്തിറക്കിയ രണ്ട് ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരായിരുന്നു. മാലിന്യ കൂമ്പാരം നീക്കം ചെയ്യുക, മാലിന്യ നിര്‍മ്മാര്‍ജന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുക, മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക, നദിയിലേക്ക് മാലിന്യമൊഴുക്കുന്നത് തടയുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രിബ്യൂണല്‍ പിഴ ഈടാക്കിയത്. തമിഴ‌്നാടിനാണ് ഏറ്റവും കൂടുതല്‍ പിഴ 15,419.71 കോടി രൂപ. മഹാരാഷ്ട്രയ്ക്ക് 12,000 കോടി, മധ്യപ്രദേശ് 9688 കോടി, ഡല്‍ഹിക്ക് 3132 കോടിയും പിഴ ചുമത്തിയിട്ടുണ്ട്. ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളൊഴികെ മറ്റ് സംസ്ഥാനങ്ങളോ കേന്ദ്ര ഭരണപ്രദേശങ്ങളോ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. എല്ലാ ആറുമാസം കൂടുമ്പോഴും മാലിന്യനിര്‍മ്മാര്‍ജനത്തിനായി സ്വീകരിച്ച നടപടികള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
english summary; 79,000 crore fine imposed on states by Green Tribunal
you may also like this video;

