Site iconSite icon Janayugom Online

രാജ്യത്തെ 80 % ഭിന്നശേഷിക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ല

രാജ്യത്തെ ഭിന്നശേഷിക്കാരില്‍ 80% പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. പൊതു- സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട 16 കോടി ജനങ്ങളെയാണ് പുറന്തള്ളിയിരിക്കുന്നത്. ആരോഗ്യ പരിരക്ഷയില്‍ തുല്യപ്രവേശനം ഉറപ്പാക്കുന്നതിനുള്ള നിയമം നിലവിലിരിക്കെയാണ് അപേക്ഷിക്കുന്നവരെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുന്നത്. ഭിന്നശേഷിക്കാര്‍ സമര്‍പ്പിക്കുന്ന ഇന്‍ഷുറന്‍സ് അപേക്ഷ വ്യക്തമായ കാരണം കൂടാതെ നിരസിക്കുന്നതായും നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് എംപ്ലോയ്മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ (എന്‍സിപിഇഡിപി) സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 5,000ലധികം ഭിന്നശേഷിക്കാരില്‍ നടത്തിയ സര്‍വേയിലാണ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയടക്കം മനുഷ്യത്വരഹിതമായ ക്രൂരത പുറത്തുവന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 80% പേരും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന് പ്രതികരിച്ചു. അപേക്ഷിച്ചവരില്‍ 53% പേര്‍ തങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടതായി അറിയിച്ചു. ഓട്ടിസം, മാനസിക — ബുദ്ധിപരമായ വെല്ലുവിളി, തലസീമിയ പോലുള്ള രക്ത വൈകല്യമുള്ളവര്‍ എന്നിരെയാണ് കൂടുതലായും ഒഴിവാക്കുന്നത്. 

ഭരണഘടനാപരമായ സംരക്ഷണം, 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം, ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ആവർത്തിച്ചുള്ള നിർദേശങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും അപേക്ഷകള്‍ ചവറ്റുകുട്ടയില്‍ എറിയുകണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. താങ്ങാനാവാത്ത പ്രീമിയം, ആക്സസ് ചെയ്യാൻ കഴിയാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പദ്ധതികളെക്കുറിച്ചുള്ള വ്യാപകമായ അവബോധക്കുറവ് എന്നിവയും തടസങ്ങളായി നില്‍ക്കുന്നു. ധാര്‍മ്മിക, ഭരണഘടനാപര വെല്ലുവിളിയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എൻ‌സി‌പി‌ഇ‌ഡി‌പി എക്സിക്യൂട്ടീവ് ഡയറക്ടർ അർമാൻ അലി പറഞ്ഞു. താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഭിന്നശേഷിക്കാരെ അകാരണമായി ഒഴിവാക്കുന്നത് വ്യവസ്ഥാപരമായ പരാജയം മാത്രമല്ല അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 70 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാരെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് വികസിപ്പിച്ചിട്ടും വ്യക്തമായ കാരണം കൂടാതെ ഇവരെ ഒഴിവാക്കുന്നത് ന്യായീകരിക്കനാവില്ലെന്നും അർമാൻ അലി പറഞ്ഞു. 

അതേസമയം സഹായകരമായ സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയങ്ങളിലുടനീളം ഏകോപനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മൻമീത് നന്ദ പ്രതികരിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഭിന്നശേഷി ശാക്തീകരണ വകുപ്പ് എന്നിവയുമായി ചേർന്ന് ഐആർഡിഎഐയുടെ പങ്ക് സംയോജിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്, വിഷയം ഒരു മന്ത്രാലയം മാത്രം പരിഹരിക്കേണ്ടതല്ലെന്നും അവര്‍ പ്രതികരിച്ചു. 

Exit mobile version