Site iconSite icon Janayugom Online

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ഡോക്ടർമാര്‍ 80 ശതമാനം കുറവ്

രാജ്യത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെ എണ്ണത്തിൽ 80 ശതമാനം കുറവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം മന്ത്രാലയം പ്രസിദ്ധീകരിച്ച ഗ്രാമീണ ആരോഗ്യ സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശസ്ത്രക്രിയ, പ്രസവ ചികിത്സ, ഫിസിഷ്യൻ, ശിശുരോഗം എന്നീ മേഖലകളിൽ വിദഗ്ധന്മാരുടെ യഥാക്രമം 83.2, 74.2, 79.1, 81.6 ശതമാനം വീതം ഒഴിവുകൾ നിലവിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ ആകെ വിദഗ്ധ ഡോക്ടർമാരുടെ ഒഴിവുകൾ 79.5 ശതമാനമാണ്. ഗ്രാമീണ ജനങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് രണ്ടാം തട്ട് എന്ന നിലയിൽ 2007ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴിൽ ആരംഭിച്ചതാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ.

കുറഞ്ഞത് 30 കിടക്കകളെങ്കിലുമുള്ള കിടത്തി ചികിത്സാ സൗകര്യം ഉൾപ്പെടെ സജ്ജീകരിച്ചുകൊണ്ട് ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നതിന് വിഭാവനം ചെയ്തതാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ. ശസ്ത്രക്രിയ, ഫിസിഷ്യൻ, പ്രസവ ചികിത്സ, ശിശുരോഗം എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ സേവനവും ഇവിടെ ഉറപ്പുനൽകുന്നു. രാജ്യത്താകെ 664 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 2015ല്‍ 3550 ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നത് 20 ശതമാനം വർധിച്ച് 4485 ആയി. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നതും പിന്നീട് വർധിച്ചതുമായ കേന്ദ്രങ്ങളുടെ എണ്ണം പരിഗണിച്ചാൽ വിദഗ്ധ ഡോക്ടർമാരുടെ എണ്ണത്തിൽ 80 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ഗ്രാമീണാരോഗ്യ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നത്.

ഇക്കാലയളവിനിടയിൽ രാജ്യത്താകെ 2015 ൽ ഉണ്ടായിരുന്നതിനെക്കാൾ 63 ശതമാനം വർധനയാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഉണ്ടായത്. ഓരോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാർക്ക് പുറമേ 21 വീതം പാരാമെഡിക്കൽ ജീവനക്കാര്‍ ഉണ്ടാകണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ആവശ്യമായ ഫണ്ടിന്റെ അഭാവം കാരണം ഈ തസ്തികകളിലും മതിയായ ജീവനക്കാരില്ല. ആവശ്യത്തിനുള്ള ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലാത്തതിനാൽ കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ടിൽനിന്നും തുക നീക്കി വച്ച് താല്ക്കാലിക ജീവനക്കാരെ നിയമിച്ചാണ് ആശുപത്രികളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.

Eng­lish Sum­ma­ry: 80 per­cent less spe­cial­ist doc­tors in fam­i­ly health centers
You may also like this video

Exit mobile version