Site iconSite icon Janayugom Online

ഹിരോഷിമ ദുരന്തത്തിന് 80 വര്‍ഷം; ആണവ ഭീഷണിയൊഴിയാതെ ലോകം

ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് വിനാശകരമായ അണുബോംബ് ആക്രമണം നടത്തിയിട്ട് ഇന്ന് 80 വര്‍ഷം. ഭയാനകമായ ഒരു ചരിത്രം മുന്നിലുണ്ടായിട്ടും ആണവായുധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് വിരോധാഭാസമാണ്. അനുസ്മരണ ചടങ്ങുകളും ഹിരോഷിമയിലെയും നാഗസാക്കിയിലെയും അംഗവൈകല്യം സംഭവിച്ചവരോടുള്ള സഹതാപവും ഒഴികെ, ആണവായുധ നിയന്ത്രണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. 1945 മുതൽ ലോകം മറ്റൊരു ആണവ ആക്രമണം ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഭൂരാഷ്ട്രീയ അസ്ഥിരത, പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ, നിരായുധീകരണ ചട്ടക്കൂടുകളുടെ മന്ദഗതിയിലുള്ള പുരോഗതി എന്നിവ ആണവായുധത്തിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ആഗോളതലത്തിൽ ആണവ വാർഹെഡുകളുടെ ശേഖരം ഏകദേശം 12,241 ആണ്. അതില്‍ 90ശതമാനത്തിലധികം കെെവശം വച്ചിരിക്കുന്നതാകട്ടെ അമേരിക്കയും റഷ്യയും. ആഗോള ഉടമ്പടികൾ ആണവ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെങ്കിലും, നിലവിലുള്ള ആണവ ശക്തികളുടെ കാതലായ ഭാഗത്തെ തകർക്കുന്നതിൽ അവയ്ക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ ആണവ നിരായുധീകരണത്തിനുള്ള പ്രതീക്ഷ വര്‍ധിച്ചിരുന്നു. ആണവ നിര്‍വ്യാപന ഉടമ്പടികളും ആണവ സുരക്ഷാ ഉച്ചകോടികൾ പോലുള്ള സംരംഭങ്ങളും നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നതിനും പ്രകടമായ കുറവുകൾക്കും കാരണമായി. എന്നാല്‍ ആണവായുധ വിപുലീകരണത്തിനുള്ള ശ്രമങ്ങളാണ് നിലവില്‍ ലോകരാജ്യങ്ങള്‍ നടത്തുന്നത്. അമേരിക്ക ഒരു പുതിയ തലമുറ ആണവായുധങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ആണവ പരീക്ഷണം പുനരാരംഭിക്കുന്നതിനുള്ള സൂചനയും നല്‍കിട്ടുണ്ട്. ചൈന തങ്ങളുടെ ആയുധശേഖരം മൂന്നിരട്ടിയിലധികം വർധിപ്പിച്ച് ഏകദേശം 600 വാർഹെഡുകളിൽ എത്തിച്ചു. ഹൈപ്പർസോണിക് മിസൈലുകൾ, അണ്ടർവാട്ടർ ന്യൂക്ലിയർ ഡ്രോണുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ റഷ്യയും പിന്തുടരുമ്പോൾ, ഈ സംഭവവികാസങ്ങൾ പുതിയ ആയുധ മത്സരത്തെക്കുറിച്ചുള്ള ഭയം വീണ്ടും ആളിക്കത്തിച്ചിട്ടുണ്ട്. 

Exit mobile version