Site icon Janayugom Online

ഏഴു മാസത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ചത് 80,000 പുതിയ സംരംഭങ്ങൾ: മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി ഏഴ് മാസം പിന്നിടുമ്പോൾ തന്നെ 80,000 പുതിയ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച നിയുക്തി 2022 മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ പ്രതിവർഷം ശരാശരി 10,000 സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിരുന്നത്. പുതിയ പദ്ധതി വഴി 5000 കോടിയുടെ തദ്ദേശീയ നിക്ഷേപവും 1.80 ലക്ഷം തൊഴിലവസരങ്ങളുമാണ് ഇതിനോടകം ഉണ്ടായത്. 

രാജ്യത്ത് പിഎസ് സി വഴി ഏറ്റവുമധികം നിയമനം നടത്തിയത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. ആറര വർഷത്തിനിടെ രണ്ട് ലക്ഷം പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ഓഗസ്റ്റിൽ മാത്രം യുപിഎസ് സിയെക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കളമശേരി സെന്റ് പോൾസ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. കേരള പിഎസ്.സി അംഗം പി.എച്ച് മുഹമ്മദ് ഇസ്മായിൽ, കളമശ്ശേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ നിഷാദ്, അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ മീണ, സെന്റ് പോൾസ് കോളേജ് പ്രിൻസിപ്പൽ കെ.എസ് സവിത, എറണാകുളം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുറഹ്മാൻകുട്ടി, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എ.എസ് അലാവുദ്ദീൻ, സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ കെ.എസ് ബിന്ദു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വിഎസ് ബീന, വൊക്കേഷണൽ ഗൈഡൻസ് എംപ്ളോയ് മെന്റ് ഓഫീസർ വി.ഐ കബീർ തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനായാണ് നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസിന്റെ നേതൃത്വത്തിൽ നിയുക്തി തൊഴിൽ മേളകൾ നടത്തുന്നത്. ഇക്കുറി നൂറോളം സ്ഥാപനങ്ങളിലെ 5200 ഒഴിവുകളിലേക്കാണ് ഇതുവഴി നിയമനം നടത്തുന്നത്.

Eng­lish Sum­ma­ry: 80,000 new enter­pris­es start­ed in the state in sev­en months: Min­is­ter P Rajeev

You may also like this video 

Exit mobile version