Site iconSite icon Janayugom Online

കേരളത്തിന്റെ ദ്രോണാചാര്യര്‍ക്കിത് 80-ാം പിറന്നാള്‍ സമ്മാനം

മികച്ച കായിക പരിശീലകനുള്ള ആജീവനാന്ത ബഹുമതിയായി ലഭിച്ച ദ്രോണാചാര്യ പുരസ്കാരം പിറന്നാള്‍ സമ്മാനമാണെന്ന് പ്രശസ്ത ബാഡ്‌മിന്റണ്‍ കോ­ച്ച് എസ് മുരളീധരന്‍. ഈ മാസം 17ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കുന്നത്. തൊട്ടടുത്ത ദിവസമാണ് 80-ാം പിറന്നാള്‍. തീര്‍ച്ചയായും ജന്മദിന സമ്മാനമായാണ് ഏറെ മോഹിച്ച പുരസ്‌കാരം എത്തുന്നത്. വലിയ സന്തോഷം തോന്നുന്നു- മുരളീധരന്‍ പറഞ്ഞു.
ദ്രോണാചാര്യ പുരസ്കാരം നേരത്തെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവിചാരിതവും അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അകുന്നു പോയി. ഒടുവില്‍ എന്നിലേക്ക് വന്നു. ബാഡ്‌മിന്റണിനായി ജീവിതം സമര്‍പ്പിച്ചതിന് രാജ്യം നല്‍കിയ ഏറ്റവും വലിയ അംഗീകാരമായാണ് ഈ സ്വപ്‌നസാക്ഷാത്കാരത്തെ കാണുന്നത്. രാജ്യത്തെ നിരവധി താരങ്ങളെ പരീശീലിപ്പിച്ച ഇദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ബാഡ്‌മിന്റണ്‍ റഫറി കൂടിയാണ്.

1950കളുടെ ഒടുവിലാണ് മുരളീധരന്‍ ഷട്ടില്‍ ബാഡ്‌മിന്റണ്‍ കോര്‍ട്ടിലെത്തുന്നത്. 1961, 62 വര്‍ഷങ്ങളില്‍ ജൂനിയര്‍ ചാമ്പ്യനായി. 1964 മുതല്‍ ’71 വരെ സീനിയര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 1968 മുതല്‍ ’69 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. 1970 മുതല്‍ ’73 വരെ പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ അധ്യാപകനായി. ദേശീയ ചീഫ് കോച്ചും പത്മശ്രീ, ദ്രോണാചാര്യ പുരസ്കാര ജേതാവുമായ എസ് എം ആരിഫ് ശിഷ്യനായിരുന്നു. അഭിമാനതാരങ്ങളായ പ്രകാശ് പദുക്കോണ്‍, വിമല്‍കുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ശിഷ്യഗണത്തില്‍ പെടുന്നു. 1973ലാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ കോച്ചായി എത്തിയത്. 14 വര്‍ഷം അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ ചാമ്പ്യന്‍പട്ടവും 11 തവണ വനിതാ ചാമ്പ്യന്‍ പട്ടവും നേടി.

ഏഴുവര്‍ഷം കലിക്കറ്റിന്റെ കായികവിഭാഗം മേധാവിയായിരുന്ന കാലത്താണ് കായിക രംഗത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. രാജ്യത്തെ ഏറ്റവും മികച്ച കായിക കലാശാല എന്ന ബഹുമതിയിലേക്ക് ആ കാലഘട്ടത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഉയര്‍ന്നു. ബാഡ്‌മിന്റണന്‍ താരങ്ങളായ ജോര്‍ജ് തോമസ്, സിന്ധു ശ്രീധരന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ കോര്‍ട്ടില്‍ നേട്ടങ്ങള്‍ കൊയ്യുന്നത് മുരളീധരന്റെ കീഴിലാണ്. 2005 ലാണ് കാലിക്കറ്റില്‍നിന്ന് വിരമിക്കുന്നത്. 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് മേധാവി ഡോ. വി ജലജയാണ് ഭാര്യ. തിരുവനന്തപുരം കടകംപള്ളിയില്‍ ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. സീമ മുരളീധരനും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി അധ്യാപിക സുമി മുരളീധരനും മക്കളാണ്. മലപ്പുറം ജില്ലയില്‍ തേ­ഞ്ഞിപ്പലത്ത് കലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് ചെനക്കല്‍ മുരളികയിലാണ് താമസം. തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയാണ്.

Exit mobile version