2022–23 സീസണിൽ 1,34,152 കർഷകരിൽ നിന്നും മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ അറിയിച്ചു. 22,199 കർഷകർക്ക് നൽകാനുള്ള 207 കോടി രൂപ വിതരണം ചെയ്തു വരുന്നു. മാർച്ച് മാസം 31 വരെ സംഭരിച്ച മുഴുവൻ നെല്ലിന്റെയും വില ഏപ്രിൽ ആദ്യ വാരത്തോടുകൂടി കർഷർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 22 മുതൽ 29 വരെ 231 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് കൈമാറി. സപ്ലൈകോയുടെ അക്കൗണ്ടിൽ നിന്നും ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നൽകിവരുന്നത്. ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയിൽ നടന്നു വരുന്നതായും കർഷകർക്ക് നൽകേണ്ട തുക സമയബന്ധിതമായി നൽകുമെന്നും മന്ത്രി അറിയിച്ചു.
നെല്ലിന്റെ വില കർഷകർക്ക് ഉടൻ ലഭിക്കാനിടയില്ലെന്നുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കർഷകരുടെ പ്രശ്നങ്ങളെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെന്നും നെല്ലിന്റെ വില കർഷകർക്ക് സമയബന്ധിതമായി നൽകുന്നതിന് എല്ലാവിധ പരിശ്രമവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: 811 crore was distributed as price of paddy; Minister GR Anil
You may also like this video