Site iconSite icon Janayugom Online

സുപ്രീം കോടതിയിൽ തീർപ്പാകാതെ 83,000 കേസുകള്‍

സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ എട്ട് മടങ്ങ് വ‍ർധന. നിലവിൽ 83,000ത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും തീര്‍പ്പാക്കാത്ത കേസുകളുടെ കാര്യത്തിൽ കുറവില്ല.
കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെയാണ് ഹൈക്കോടതികളിലും കീഴ‌്ക്കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകൾ.

2009ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യ 26 ൽ നിന്ന് 31 ആയി വർധിപ്പിച്ചത്. പക്ഷേ 2013ൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 50,000 ത്തിൽ നിന്ന് 66,000 ആയി. എന്നാൽ ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിന്റെ കാലത്ത് ഇത് 59,000 ആയി കുറഞ്ഞു. തൊട്ടടുത്ത വർഷം ടി എസ് ഠാക്കൂറിന്റെ കാലത്ത് ഇത് വീണ്ടും 63,000 ത്തോട് അടുത്തു. കേസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ പേപ്പർ രഹിത കോടതികൾ ആദ്യമായി നിര്‍ദേശിച്ച ജസ്റ്റിസ് ജെ എസ് ഖെഹാറിന് അത് 56,000 ആയി കുറയ്ക്കാൻ സാധിച്ചിരുന്നു.

2019ൽ സുപ്രീം കോടതി ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യ വീണ്ടും വർധിച്ചു, 31ൽ നിന്ന് 34 ലേക്കായിരുന്നു വർധനവ്. എന്നാ­ൽ കേസുകളുടെ എണ്ണം 60,000ലേക്ക് കുതിച്ചു. കോവിഡ് കാലത്ത് വിർച്വൽ നടപടികളുണ്ടായെങ്കിലും കേസുകൾ കൂടിക്കൊണ്ടിരുന്നു. 2022 അവസാനത്തോടെ കേസുകൾ 79,000ത്തിൽ എത്തി. അതേവർഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി എത്തിയതോടെ ഐടി അധിഷ്ഠിത സാങ്കേതിക ഇടപെടലുകൾ നടത്തിയെങ്കിലും കേസുകളുടെ കാര്യത്തിൽ മാറ്റമുണ്ടാക്കാനായില്ല.

Exit mobile version