Site icon Janayugom Online

വേനലില്‍ 85 ശതമാനം അധിക മഴ

കേരളത്തിൽ ഇത്തവണ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മൺസൂൺ (ജൂൺ — സെപ്റ്റംബർ) പ്രവചന പ്രകാരം സാധാരണയിൽ കുറവ് മഴയാകും സംസ്ഥാനത്ത് ലഭിക്കുക. കാലവർഷം കർണാടകത്തിലേക്ക് പ്രവേശിച്ചതായും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

ഇക്കഴിഞ്ഞ വേനൽ മഴക്കാലം ഇന്നലെ അവസാനിച്ചപ്പോൾ കേരളത്തിൽ 85 ശതമാനം അധിക മഴ ലഭിച്ചു. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (361.5 മില്ലീ മീറ്റർ) അധികമായാണ് ഇത്തവണ ലഭിച്ചത്.

668.5 മില്ലീ മീറ്റര്‍. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു. 92 ദിവസം നീണ്ട സീസണിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് എറണാകുളം ജില്ലയിലാണ് (1007.6 മില്ലീ മീറ്റർ). ഏറ്റവും കുറവ് മഴ പാലക്കാട് ( 396.8 മില്ലീ മീറ്റർ) രേഖപ്പെടുത്തി.

രാജ്യത്ത് ആകെ നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ശരാശരി മഴ ദീർഘകാല ശരാശരിയുടെ 103 ശതമാനം ആയിരിക്കും. വടക്കുകിഴക്കൻ മേഖലയിൽ സാധാരണയിലും താഴെയായിരിക്കും മഴയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്‌ടര്‍ മൃത്യുഞ്‌ജയ് മൊഹപത്ര അറിയിച്ചു.

Eng­lish summary;85% extra rain­fall in summer

You may also like this video;

Exit mobile version