Site icon Janayugom Online

പെയിന്റ് കമ്പനിയില്‍നിന്ന് 8500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

എടയാറില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ നിന്ന് 8500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കമ്പനിയുടെ മുറ്റത്ത് ഭൂഗര്‍ഭ അറയില്‍ 200-ലധികം കന്നാസുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, സ്ഥാപനത്തിന്റെ ഉടമയായ കലൂര്‍ സ്വദേശി കുര്യനാണ് സ്പിരിറ്റ് കടത്തിലെ പ്രധാനിയെന്നും ഇയാള്‍ ഒളിവിലാണെന്നും എക്സൈസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. പെയിന്റ് നിര്‍മാണത്തിന്റെ മറവിലാണ് എടയാറിലെ കമ്പനിയിലേക്ക് വ്യാപകമായി സ്പിരിറ്റ് കടത്തിയിരുന്നത്. ഗോവയില്‍നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചതെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ എറണാകുളം, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സ്പിരിറ്റ് ലോബിയെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സ്പിരിറ്റ് കടത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് എറണാകുളത്തുനിന്ന് ഒരു വാഹനത്തില്‍ ഇടുക്കിയിലേക്ക് സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ആലുവയില്‍വെച്ച് ഈ വാഹനം എക്സൈസ് പിടികൂടുകയും ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് എടയാറിലെ സ്പിരിറ്റ് ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് എക്സൈസ് സംഘം പെയിന്റ് കമ്പനിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

Eng­lish sum­ma­ry; 8500 liters of spir­it were seized from the paint company

You may also like this video;

Exit mobile version