Site iconSite icon Janayugom Online

കാനഡയിലേക്കുള്ള വിദ്യാര്‍ത്ഥി വിസയില്‍ 86 ശതമാനം ഇടിവ്

നയതന്ത്ര സംഘര്‍ഷത്തിന് പിന്നാലെ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസയുടെ എണ്ണത്തില്‍ 86 ശതമാനം ഇടിവ്. റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 1.08 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസയ്ക്കാണ് കാനഡ അനുമതി നല്‍കിയത്. നാലാം പാദത്തിന്റെ അവസാനമായ ഡിസംബര്‍ 31ന് ഇത് 14,910 ആയി കുറഞ്ഞു. 86 ശതമാനത്തിന്റെ ഇടിവ്. കാനഡയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം വിദ്യാര്‍ത്ഥി വിസ അനുവദിക്കുന്നതില്‍ വന്‍കുറവുണ്ടായതായി കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ പറഞ്ഞു. അടുത്തെങ്ങും വിദ്യാര്‍ത്ഥി വിസ നല്‍കുന്നതില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. താമസവും തൊഴിലവസരവും ലഭിക്കാനുള്ള പ്രയാസം നിലനില്‍ക്കെ വിദേശ വിദ്യാര്‍ത്ഥികള്‍ കൂടുതലായി കാനഡയിലേക്കു വരുന്നത് വെല്ലുവിളിയാണ്. ഇതില്‍ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ ഭീഷണിയുയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയിലുള്ള 62 നയതന്ത്ര പ്രതിനിധികളില്‍ 41 പേരെ കാനഡ തിരിച്ചുവിളിച്ചിരുന്നു. കാനഡയിലേയ്ക്ക് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2015 ല്‍ 15 ശതമാനമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 40 ശതമാനമായി ഉയര്‍ന്നുവെന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 38,000 ഇന്ത്യക്കാരാണ് പഠനത്തിനായി കാനഡയിലെത്തിയത്. 2022ല്‍ ഇത് 3.19 ലക്ഷമായിരുന്നു. 

Eng­lish Summary;86 per­cent drop in stu­dent visas to Canada
You may also like this video

Exit mobile version