Site icon Janayugom Online

തീവ്രവാദ ബന്ധം ആരോപിച്ച് കശ്മീരില്‍ 900 പേര്‍ അറസ്റ്റില്‍

arrest

ജമ്മു കശ്മീരില്‍ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 900 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ ആക്രമണങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മുമ്മദ്, അല്‍ ബദര്‍ ആന്റ് ദ റസിസ്റ്റന്‍സ് ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ശ്രീനഗര്‍, ബുദ്ഗാം തുടങ്ങി ദക്ഷിണ കശ്മീരിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. അറസ്റ്റിലായവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. എന്നാല്‍ പ്രദേശവാസികളെ സംശയത്തിന്റെ പേരില്‍ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇന്നലെ എന്‍ഐഎ ജമ്മു കശ്മീരിൽ 18 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.

വ്യാഴാഴ്ച ശ്രീനഗറിലെ സ്കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രിന്‍സിപ്പലും അധ്യാപകനുമടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പ്രാദേശിക ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്ഥിതി വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ മന്ത്രാലയം കശ്മീരിലേക്ക് അയക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രദേശവാസികള്‍ക്കു നേരെയുള്ള ആക്രമണങ്ങളിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പാകിസ്ഥാന്‍ ഭീകരന്‍ ഛോട്ട വാലിദിനെതിരെ സൈന്യം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ 20 ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായാണ് നിഗമനം.

 

Eng­lish Sum­ma­ry: 900 arrest­ed in Kash­mir on ter­ror­ism charges

 

You may like this video also

Exit mobile version