Site icon Janayugom Online

രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 96 ശതമാനം വര്‍ധന

ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണത്തില്‍ 96 ശതമാനം വര്‍ധനവുണ്ടായതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ. 2020ല്‍ 857 കേസുകളാണ് വര്‍ഗീയ ലഹളകളും കലാപങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019ല്‍ 438 കേസുകളാണ് ഇത്തരത്തിലുണ്ടായിരുന്നത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍, 520. ബിഹാറില്‍ 117 കേസുകളും ഝാര്‍ഖണ്ഡിലും ഹരിയാനയിലും 51 കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
പൊതുസമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് 71,107 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതിന്റെ 73 ശതമാനവും കലാപമോ സംഘര്‍ഷമോ സൃഷ്ടിച്ചുവെന്ന കേസുകളാണ്. 51,606 കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 12.4 ശതമാനത്തോളം വര്‍ധനയാണ് കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട് മെട്രോ നഗരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 4,437 കേസുകളില്‍ പകുതിയും വലിയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ആയി ബന്ധപ്പെട്ടതാണ്. അതേസമയം കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ നേരിയ കുറവ് വന്നുവെന്നാണ് എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ 32,269 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് 2020ല്‍ 29,768 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 35,352 കുട്ടികളാണ് കേസുകളില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവയില്‍ 21.4 ശതമാനം കേസുകള്‍ ഛത്തീസ്ഗഡിലാണ്. 

16.8 ശതമാനം മധ്യപ്രദേശിലും 16.4 ശതമാനം കേസുകള്‍ തമിഴ്‌നാട്ടിലുമാണ്. 16 മുതല്‍ 18 വയസുവരെയുള്ള കുട്ടികളാണ് കൂടുതലായും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 842 കൊലപാതകകേസുകളും രാജ്യത്ത് 2020ല്‍ കുട്ടികള്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്തു. 12 വയസിന് താഴെയുള്ള 10 കുട്ടികളും 12 മുതല്‍ 16 വയസുവരെയുള്ള 250 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഉള്‍പ്പെടെ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:96 per cent increase in com­mu­nal ten­sions in the country
You may also like this video

Exit mobile version