Site iconSite icon Janayugom Online

96 ശതമാനം പലസ്തീനികള്‍ ദാരിദ്ര്യത്തിലേക്ക്

ഗാസയ്ക്കെതിരെയുള്ള ഇസ്രയേല്‍ ആക്രമണം 96 ശതമാനം പലസ്തീനികളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായി യുഎന്‍ ഏജന്‍സിയായ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ (ഇഎസ്‍സിഡബ്ല്യുഎ) യുടെ റിപ്പോര്‍ട്ട്. 2017 – 2018 ലെ കണക്കനുസരിച്ച് 51 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.  2007 മുതല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം പലസ്തീനികള്‍ കൂട്ടായ പ്രതിസന്ധി അനുഭവിക്കുകയാണ്. 2022ല്‍ പ്രതിശീര്‍ഷ ജിഡിപി 1256 ഡോളറായി കുറഞ്ഞു. 2000ത്തില്‍ 1972 ഡോളറായിരുന്നു പലസ്തീന്റെ പ്രതിശീര്‍ഷ ജി‍ഡിപി. ആരോഗ്യസംരക്ഷണം, വെള്ളം, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, തൊഴില്‍ എന്നീ കാര്യങ്ങളിലെല്ലാം പലസ്തീനികള്‍ ദുരിതമനുഭവിക്കുകയാണ്.

ആവര്‍ത്തിച്ചുള്ള സൈനിക ചെലവ് ഗാസ മുനമ്പില്‍ വികസന മുരടിപ്പിന് കാരണമാവുന്നുണ്ടെന്നും മാനുഷിക സഹായം എത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010ലെ മാനുഷിക സഹായത്തേക്കാള്‍ ഗാസയിലേക്കുള്ള വികസന സഹായം അഞ്ച് മടങ്ങ് കൂടുതലാണെന്നും 2021ല്‍ ഈ അനുപാതം 1.5 ആയി ചുരുങ്ങിയതായും കണക്കുകള്‍ പറയുന്നു. തുടർച്ചയായ ബോംബാക്രമണം മൂലം ഗാസയിലെ 1.4 ദശലക്ഷം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടതായാണ് കണക്ക്.
ഗാസയിലേക്കുള്ള മാനുഷിക ആവശ്യങ്ങള്‍ ലോക രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഇഎസ്‍സിഡബ്ല്യുഎ എക്സിക്യൂട്ടീവ് സെക്രട്ടറി റോള ദസ്തി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുദ്ധാനന്തരഘട്ടത്തില്‍ ആക്രമം ആവര്‍ത്തിക്കാതിരിക്കുന്നതിനും മറ്റും നിര്‍ണായകമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് റോള ദസ്തി ആവശ്യപ്പെട്ടു.

Eng­lish Summary;96 per­cent of Pales­tini­ans into poverty
You may also like this video

Exit mobile version