2023ല്‍ ലോകത്താകെ 99 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 77 മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍-ഗാസ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് കമ്മിറ്റി ടു പ്രൊഡക്ട് ജേണലിസ്റ്റ്(സിപിജെ)ന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍-ഗാസ യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലാണ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഒരു രാജ്യത്ത് ഒരു വര്‍ഷത്തിലാകെ ജീവന്‍ നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് യുദ്ധത്തിന്റെ ആദ്യ നാളില്‍ കൊല്ലപ്പെട്ടതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടതില്‍ 72 പേര്‍ പലസ്തീനില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ ലബനനില്‍ നിന്നും രണ്ടു പേര്‍ ഇസ്രയേലില്‍ നിന്നും ഉള്ളവരാണ്.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് ഗാസ യുദ്ധത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 88 ആണെന്നും മരണകാരണം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു ശേഷം മാത്രമേ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്നും സംഘടന വ്യക്തമാക്കി. ഇസ്രയേലി സേന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന പീഡനത്തെ നേരത്തെ തന്നെ സിപിജെ അപലപിച്ചിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി മാധ്യമ സ്വാതന്ത്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിപിജെ.
ഗാസയില്‍ കൊല്ലപ്പെട്ട ഒരു ഡസനോളം മാധ്യമപ്രവര്‍ത്തകരെ ഇസ്രയേലി സേന മനഃപൂര്‍വം ലക്ഷ്യം വച്ചിരുന്നൊ എന്നും സംഘടന പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ നാലുമാസമായി തുടരുന്ന യുദ്ധത്തില്‍ 28,000 പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 85 ശതമാനത്തോളം പ്രദേശവാസികള്‍ ഗാസ ഉപേക്ഷിച്ചു പോയി. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാൻ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
English Summary:99 journalists were killed in 2023
You may also like this video