Site iconSite icon Janayugom Online

10 മാസം പ്രായമായ കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തി; പിന്നാലെ മാതാവും ജിവനൊടുക്കി

10 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. 27കാരിയായ സുഷമയും മകൻ യശവർധൻ റെഡ്ഡിയുമാണ് മരിച്ചത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണെന്നാണ് ഇവര്‍ ഇത്തരം കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസ് പറ‍ഞ്ഞു.

സുഷമയും ചാർട്ടേഡ് അക്കൗണ്ടന്‍റായ യശ്വന്ത് റെഡ്ഡിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. അടുത്ത കാലത്തായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. സുഷമ അമ്മ ലളിതയുടെ വീട്ടിൽ കുടുംബത്തിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട ഷോപ്പിംഗിനായി വന്നതായിരുന്നു. സുഷമ തന്‍റെ കുഞ്ഞിനൊപ്പം മറ്റൊരു മുറിയിലേക്ക് പോയി കുട്ടിക്ക് വിഷം നൽകി ജീവനൊടുക്കുകയായിരുന്നു. 

രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യശ്വന്ത് റെഡ്ഡി കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. പിന്നാലെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ഭാര്യയും മകനും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ജീവനൊടുക്കാൻ ശ്രമിച്ച മുത്തശ്ശി ലളിത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

Exit mobile version