Site iconSite icon Janayugom Online

അസം സ്വദേശിനിയായ 13 കാരി ഇനി സിഡബ്ല്യുസി തണലില്‍

കഴക്കൂട്ടത്തു നിന്നും വീടു വിട്ടിറങ്ങിയ അസം സ്വദേശിനിയായ 13 കാരി ഇനി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി ) യുടെ തണലില്‍. വീട്ടിലേക്ക് പോകാൻ താല്പര്യമില്ലെന്ന് പെണ്‍കുട്ടി സിഡബ്ല്യുസിയെ അറിയിച്ചതായി ചെയർപേഴ്സൺ ഷാനിബ ബീഗം പറഞ്ഞു.
ഒരു സ്കൂളിൽ തോട്ടം ജോലികൾ ചെയ്യുന്നവരാണ് കുട്ടികളുടെ മാതാപിതാക്കൾ. അമ്മ കഠിനമായി വീട്ടുജോലികൾ ചെയ്യിക്കുകയും അടിക്കുകയും ചെയ്യുന്നതിനാലാണ് കുട്ടി വീടുവിട്ടത്. 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് ട്രെയിനില്‍ മലയാളം സമാജം പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.അമ്മയുടെ ബാഗിൽനിന്ന് 150 രൂപയുമെടുത്ത് കഴക്കൂട്ടത്ത് നിന്ന് ബസിൽ കയറി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെനിന്നും അടുത്ത ട്രെയിനിൽ കയറി പോവുകയായിരുന്നു. സ്ഥലം അറിയില്ലായിരുന്നെങ്കിലും അവൾ ആരോടും സഹായം ആവശ്യപ്പെട്ടില്ല. ട്രെയിനിൽ തനിക്ക് വേറെ പ്രശ്നമൊന്നുമുണ്ടായില്ലെന്നാണ് കുട്ടി പറഞ്ഞത്. ട്രെയിനിൽ കുറെ സ്ത്രീകളുണ്ടായിരുന്നു. അതിലൊരു സ്ത്രീ ബിരിയാണി വാങ്ങി നൽകി. ബാത്റൂമിൽ പോകുംവഴി രണ്ട് ആൺകുട്ടികൾ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. താൻ തടഞ്ഞപ്പോൾ അവർ പിൻവാങ്ങിയെന്നും കുട്ടി പറഞ്ഞു.

ബിരിയാണിയും കഴിച്ച് കിടന്ന് ഉറങ്ങിപ്പോയി. വിശാഖപട്ടണത്ത് വച്ച് കുറെ സ്ത്രീകൾ തങ്ങളുടെ കുട്ടിയാണെന്ന് അവകാശപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടി അതൊന്നും ശ്രദ്ധിക്കുകയോ പതറുകയോ ചെയ്തില്ല. വൈദ്യപരിശോധനകൾക്ക് ശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഷെൽട്ടറിലേക്ക് മാറ്റിയ കുട്ടിയ്ക്ക് ഇന്നലെ മുതൽ കൗൺസിലിങ് ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസമെങ്കിലും കൗൺസിലങ്ങിന് ആവശ്യമായിവരും. അതിനുശേഷം കുട്ടിയുടെ അഭിപ്രായമറിഞ്ഞിട്ടേ അന്തിമ തീരുമാനമെടുക്കൂ. മാതാപിതാക്കൾക്കും കൗൺസിലിങ് നൽകും. കുട്ടിയുടെ പൂർണസംരക്ഷണം ഏറ്റെടുക്കാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും ചെയർപേഴ്സൺ അറിയിച്ചു.
കേരളത്തിൽ തന്നെ നിൽക്കാനാണ് തനിക്ക് താല്പര്യമെന്നും കുട്ടി കമ്മിറ്റിയെ അറിയിച്ചു. രക്ഷിതാക്കളെ ഇടയ്ക്കിടെ കാണണം. പക്ഷേ വീട്ടിലേക്ക് പോകാനാഗ്രഹമില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്ന് പഠിക്കണം. ഈ വിവരം കമ്മിറ്റി മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. കൗൺസിലിങ്ങിലൂടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തി കുട്ടിയെ സിഡബ്ല്യുസിയിൽ നിര്‍ത്തി പഠിപ്പിക്കാനാണ് ആലോചന.

മൂന്ന് കുട്ടികളെയും ഏറ്റെടുക്കും

വീടുവിട്ടിറങ്ങിയ അസം പെണ്‍കുട്ടിയുടെ മൂന്ന് സഹോദരങ്ങളെയും ഏറ്റെടുക്കാൻ തയാറാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാലാണ് കുട്ടികളെ ഏറ്റെടുക്കുന്നത്.
കുട്ടികളെ ഏറ്റെടുക്കുന്നതിൽ മാതാപിതാക്കൾ സമ്മതം അറിയിച്ചതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്‌സൺ ഷാനിബ ബീഗം പറഞ്ഞു. മൂന്ന് കുട്ടികളെയും ഒരു ഹോമിൽത്തന്നെ നിര്‍ത്താനാണ് ആലോചന. ഇതിനുള്ള സൗകര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടികൾ ഹോമുകളിൽ സുരക്ഷിതരായിരിക്കുകയും മാതാപിതാക്കൾക്ക് ജോലിക്ക് പോകാനും കഴിയും. അവർക്ക് കമ്മിറ്റി മികച്ച പഠനസൗകര്യവും സുരക്ഷയും ഒരുക്കും.
മാതാപിതാക്കൾക്ക് കുട്ടികളെ കാണാനുള്ള അവസരവുമുണ്ടാകും. ഒരു കുട്ടി അമിതവികൃതിയായതിനാൽ ആ കുട്ടിക്ക് കൗൺസിലിങ്ങും ആവശ്യമെങ്കിൽ ചികിത്സയും ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

Exit mobile version