Site iconSite icon Janayugom Online

ഫീസടക്കാത്തതിന് 14 വയസ്സുകാരനെ നിലത്തിരുത്തി പരീക്ഷയെഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

ഫീസ് അടയ്ക്കാത്തതിൻ്റെ പേരിൽ 14 വയസ്സുകാരനായ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ നിലത്തിരുത്തി പരീക്ഷയെഴുതിച്ച സംഭവത്തിൽ അധ്യാപകനും പ്രധാനാധ്യാപികക്കുമെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ഭീവണ്ടിയിലുള്ള ഒരു ഉറുദു മീഡിയം സ്കൂളിലാണ് സംഭവം. ഒക്ടോബർ 3, 4 തീയതികളിൽ നടന്ന യൂണിറ്റ് ടെസ്റ്റിനിടെയാണ് 10-ാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ ഇത്തരത്തിൽ ശിക്ഷിച്ചത്. സംഭവത്തിൽ സൂപ്പർവൈസിംഗ് അധ്യാപകനായ അഹമ്മദുള്ള, ഹെഡ്മിസ്ട്രസ് ഖാൻ അതിഹ എന്നിവരാണ് പ്രതികൾ. കുട്ടിയുടെ ഓട്ടോ ഡ്രൈവറായ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവം നടന്ന ശേഷം സ്കൂൾ അധികൃതരെ പലതവണ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരനായ പിതാവ് പറഞ്ഞു. ഒടുവിൽ പൊലീസ് പരാതി നൽകിയ ശേഷമാണ് അധികൃതർ നടപടിക്ക് തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ പ്രകാരം രണ്ട് അധ്യാപകർക്കെതിരെയും ശാന്തിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ സ്കൂൾ ജീവനക്കാരുടെയും സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

Exit mobile version