പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ നാവികനായ അമിത്(28) ആണ് അറസ്റ്റിലായത്. ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ് ഇയാൾ. കൊച്ചി ഹാർബർ പൊലീസാണ് പ്രതിയായ അമിത്തിനെ അറസ്റ്റ് ചെയ്തത്. താൻ താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടിൽ വെച്ചാണ് ഇയാൾ 15 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. കൊച്ചിയിൽ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിന് ഇരയായ പെൺകുട്ടി.
പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രണയം നടിച്ചാണ് നാവികൻ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ഇരുവരും എങ്ങനെയാണ് സൗഹൃദത്തിലായത് എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ അമിത്തിനെ ഉടൻ റിമാൻഡ് ചെയ്യും. അന്വേഷണവുമായി എല്ലാവിധത്തിലും പൂർണ്ണമായി സഹകരിക്കുമെന്ന് നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. യൂണിറ്റിൽ അച്ചടക്കവും നിയമങ്ങളും പാലിക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും നാവികസേന വ്യക്തമാക്കി.

