Site iconSite icon Janayugom Online

ഊട്ടിയിൽ മരം തലയിൽവീണ് വടകര സ്വദേശിയായ 15കാരന് ദാരുണാന്ത്യം

കോഴിക്കോട് നിന്നും ഊട്ടിയിൽ വിനോദയാത്രക്കെത്തിയ കുടുംബത്തിലെ 15കാരൻ തലയിൽ മരംവീണ് മരിച്ചു. വടകര മുകേരിയിലെ പ്രസീതിന്‍റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ വിദ്യാർഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഊട്ടി-ഗുഡലൂർ ദേശീയപാതയിലെ പൈൻ ഫോറസ്റ്റ് എന്നറിയപ്പെടുന്ന ട്രീ പാർക്ക് ടൂറിസ്റ്റ് സെന്‍ററില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാർക്ക് ഭാഗത്ത് ചുറ്റിനടക്കുമ്പോൾ ആദിദേവിന്‍റെ തലയിൽ മരം വീഴുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസും വനംവകുപ്പും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കനത്ത മഴയെ തുടർന്ന് രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Exit mobile version