സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിലെ പടുതകുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിൻ്റെ മകൾ അനാമിക (16) ആണ് മരിച്ചത്. പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം നടന്നത്. സ്കൂൾ ഗ്രൂപ്പിൽ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുവാനായി പോവുകയായിരുന്നു. പോയി ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും പടുതാ കുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.
വീട്ടുകാർ അലമുറയിട്ട് കരഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും കുട്ടി പടുത കുളത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തിൽ പടുത കുളത്തിലേക്ക് ചാടി തിരച്ചിൽ നടത്തുകയുമായിരുന്നു.എന്നാൽ ആദ്യം മണിക്കൂറുകളിൽ കുട്ടിയെ കണ്ടെത്തുവാൻ ആയില്ല തുടർന്ന് പടുത കുളത്തിന്റെ ഒരു ഭാഗം തകർക്കുകയും ജലം പുറത്തേക്ക് ഒഴുക്കി വിടുകയും ചെയ്തു. ഇതിനെ തുടർന്ന് കുട്ടിയെ അടിത്തട്ടിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
English Summary;A 16-year-old girl died after falling into a puddle at home
You may also like this video