Site iconSite icon Janayugom Online

മഞ്ചേശ്വരത്ത് 16 വര്‍ഷം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി

മഞ്ചേശ്വരത്ത് 16 വര്‍ഷം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം കാസര്‍കോട് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി. മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറത്ത് കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളമുള്ള സ്ഥലത്തെ ഷെഡ്ഡിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ സ്ഥലമുടമയെ ബന്ധപ്പെട്ടപ്പോള്‍ 2007ല്‍ കണ്വതീര്‍ഥ കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലത്തെ സൂക്ഷിക്കാന്‍ സ്ഥലത്ത് 27,000 രൂപ മുതല്‍ മുടക്കി ഷെഡ് നിര്‍മ്മിച്ചതാണെന്നും പുരാവസ്തുവായി സൂക്ഷിച്ചതെന്നുമാണ് പറഞ്ഞത്.

23 എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തി. ഇവ ഡി എന്‍ എ പരിശോധനക്ക് അയക്കും. തുടര്‍ന്ന് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന്‍ കെ ജോര്‍ജ്ജ് പറഞ്ഞു. കാസര്‍കോട് ഡി എഫ് ഒ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബാബു, ആര്‍ ബാബു, ജയകുമാര്‍, ബി എഫ് ഒ സുധീഷ്, നിവേദ്, അമല്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Eng­lish Sum­ma­ry; A 16-year-old whale skele­ton was found in Manjeswaram
You may also like this video

Exit mobile version