ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ കോച്ചിംഗ് ക്ലാസിന് പോയി മടങ്ങുകയായിരുന്ന 17 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു. തോളിലും വയറ്റിലും വെടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ജതിൻ മംഗ്ല എന്നയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ബല്ലഭ്ഗഢിലെ ശ്യാം കോളനിയിലാണ് സംഭവം നടന്നത്. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ ഏറെ നേരമായി കാത്തുനിന്ന ജതിൻ വെടിയുതിർക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
പെൺകുട്ടി നടന്നു വരുമ്പോൾ അക്രമി പെൺകുട്ടിയുടെ നേരെ ചെന്ന് തുടർച്ചയായി വെടിയുതിർക്കുന്നതും, കൂടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ ഭയന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിക്ക് പ്രതിയെ മുൻപ് പരിചയമുള്ളതായും തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. എന്നാൽ, ജതിൻ കുറച്ചു ദിവസങ്ങളായി പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നു എന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. ഇയാളുടെ വീട്ടിൽ ഇക്കാര്യം സംസാരിച്ചപ്പോൾ, ഇനി ഇത് ആവർത്തിക്കില്ലെന്ന് ജതിൻ്റെ അമ്മ ഉറപ്പു നൽകിയതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്നും സഹോദരി കൂട്ടിച്ചേർത്തു.

