Site iconSite icon Janayugom Online

പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചാരുംമൂട് പേരൂർക്കാരാണ്മ സബിതാ നിവാസിൽ ബിനിൽ — ഷീജ ദമ്പതികളുടെ മകൻ സാവൻ ബി കൃഷ്ണ (9)യാണ് മരിച്ചത്. തിരുവല്ലയിലുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ വൈകിട്ടാണ് മരിച്ചത്. പറയംകുളത്തുള്ള സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. 

മൂന്നു മാസം മുമ്പ് കുട്ടി സൈക്കിളിൽ വരുമ്പോൾ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്തു. കുട്ടിയ്ക്ക് നായ കടിച്ചതിന്റെ യാതൊരു പാടുകളുമില്ലായിരുന്നു. പട്ടി ചാടി വീണ വിവരംകുട്ടി വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് കുട്ടിക്ക്പനിയും വിറയലുമുണ്ടായതോടെ അടൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതിനിടെ കുട്ടി വെള്ളം കാണുമ്പോൾ ഭയപ്പാട് കാട്ടുകയും ചെയ്തിരുന്നു. നായ അക്രമിക്കാൻ ശ്രമിച്ച സമയം അതിന്റെ നഖമോ മറ്റോ ശരീരത്ത് കൊണ്ടതാകാമെന്നാണ് നിഗമനം. കുട്ടി ചികിത്സയിലാണെന്ന വിവരമറിഞ്ഞ് വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയിരുന്നു. 

സാൻവിയാണ് സഹോദരി. സംഭവത്തെ തുടർന്ന്പ്രദേശത്ത് താമരക്കുളം ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കുട്ടിയുടെ വീട്ടുകാർ അടുത്തിടപഴകാറുള്ള കുട്ടുകാർ, അയൽവീട്ടുകാർ എന്നിവർക്ക് വാക്സിനേഷൻ നൽകി. കുട്ടിയുടെ ക്ലാസിലെ സഹപാഠികൾക്കും വാക്സിനേഷൻനടത്തിയിട്ടുണ്ട്. പ്രദേശത്തെ വളർത്തു നായ്ക്കൾക്കും തെരുവുനായ്ക്കളെ പിടികൂടിയും വാക്സിനേഷൻ നടത്തിവരികയാണ്. ഇവിടങ്ങളിൽ തെരുനായ്ക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പാണ് വളളികുന്നത്ത് വയോധികയടക്കം 6 പേരെ പേപ്പട്ടി കടിച്ച് ഗുരുതമായി പരിക്കേൽപ്പിച്ചത്. ഇവർ ചികിത്സയിലാണ്.

Exit mobile version