Site iconSite icon Janayugom Online

നവാബ് മാലിക്കിനെതിരെ 5000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസിലാണ് 5000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം സമാന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാത്ത നവാബ് മാലിക്കിന്റെ മക്കളായ ഫരാസ് മാലിക്കിനും ആമീര്‍ മാലിക്കിനും എതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണ ഏജന്‍സി ഇരുവര്‍ക്കും ഇതുവരെ മൂന്ന് സമന്‍സുകളാണ് അയച്ചത്.

ദാവൂദ് ഇബ്രാഹിം നടത്തിയ ഹവാല ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരി 23നാണ് നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയിലെടുത്തത്. അന്നു മുതല്‍ അദ്ദേഹം ജയിലില്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച മാലിക്കിന്റെ സ്വത്തുക്കള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

20 വര്‍ഷം മുമ്പ് കുര്‍ളയിലെ ഗോവാല കെട്ടിട സമുച്ചയം വാങ്ങുന്നതിനായി ദാവൂദിന്റെ മരിച്ചുപോയ സഹോദരി ഹസീന പാര്‍ക്കറിന് മാലിക് പണം നല്‍കിയെന്നാണ് ആരോപണം. പാര്‍ക്കറിന് പണം നല്‍കിയതിലൂടെ മാലിക്ക് ദാവൂദിന്റെ സംഘത്തെ സഹായിച്ചുവെന്നും ഇഡി ആരോപിക്കുന്നു.

Eng­lish sum­ma­ry ;A 5,000-page chargesheet has been filed against Nawab Malik

You may also like this video;

Exit mobile version