Site iconSite icon Janayugom Online

12 വയസ്സുകാരിയോട് ലൈംഗികാതിക്രമം: 54 കാരൻ അറസ്റ്റിൽ

12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ 54‑കാരനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ചെങ്ങറ പ്രമോദ് ഭവനിൽ വിനോദ് ആണ് അറസ്റ്റിലായത്.2023‑ലാണ് സംഭവം. ഫിജിക്കാർട്ട് വഴി സാധനങ്ങൾ വിൽക്കാൻ എത്തിയ പ്രതി വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഹാളിൽ കയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നുവെന്നാണ് കേസ്. സിഡബ്ള്യു സി കൗൺസിലിങ്ങിൽ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.

പെരുനാട് പൊലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ഐ കുരുവിള സക്കറിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുകേഷ് വിജേഷ്, സിവിൽ പൊലീസ് ഓഫീസർ രാം പ്രകാശ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘം ചെങ്ങറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version