59കാരനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി എം പി റുബീന (29), ഭര്‍ത്താവ് കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍ (37), കാസര്‍കോട് ഉദുമ മാങ്ങാട് സ്വദേശികളായ എം അഹമ്മദ് ദില്‍ഷാദ് (40), അബ്ദുള്ളക്കുഞ്ഞി (32), ചെങ്കള മുട്ടത്തോടി സ്വദേശിനി നഫീസത്ത് മിസിരിയ (40), മധൂര്‍ ഷിറിബാഗിലു സ്വദേശി എന്‍ സിദ്ദിഖ് (48), കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റഫീഖ് മുഹമ്മദ് (50) എന്നിവരാണ് മേല്‍പറമ്പ് പൊലീസിന്റെ പിടിയിലായത്.
ഉദുമ മാങ്ങാട് സ്വദേശിയാണ് ഹണിട്രാപ്പിന് ഇരയായത്. ജനുവരി 23നാണ് റുബീനയെ ഫോണ്‍ വഴി പരിചയപ്പെടുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. മുന്‍ പ്രവാസിയായ പരാതിക്കാരന്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. വിദ്യാഭ്യാസ ആവശ്യത്തിന് തനിക്ക് ലാപ്‌ടോപ്പ് വാങ്ങിതരണമെന്നായിരുന്നു ഫോണിലൂടെ യുവതി ആവശ്യപ്പെട്ടത്. ഇതിനായി ജനുവരി 25ന് ഇരുവരും മംഗളുരുവില്‍ പോയി. അവിടെ നിന്നും ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി റുബീന തന്നോടൊപ്പം നഗ്നചിത്രങ്ങളെടുത്തെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഏഴംഗസംഘം ഇദ്ദേഹത്തെ കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ചു. റുബീനയെ താന്‍ ബലാത്സംഗം ചെയ്‌തെന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രതികള്‍ പണം ആവശ്യപ്പെട്ട് പരാതിക്കാരനെ മര്‍ദിച്ച് പരിക്കേല്‍പിച്ചു. ആദ്യം 10,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. പിന്നീട് 26നു വീണ്ടും ഭീഷണിപ്പെടുത്തി 4.90 ലക്ഷം രൂപ കൂടി കൈക്കലാക്കി. പിന്നീട് സംഘം വീണ്ടും 30 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. പൊലീസിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മുഴുവന്‍ പ്രതികളെയും തന്ത്രപൂര്‍വം കുരുക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശികളായ ഫൈസലിനും ഭാര്യ റുബീനയ്ക്കുമെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു കടയില്‍ നിന്നും ഇരുവരും ഒരു പായ്ക്കറ്റ് ബിസ്‌കറ്റ് വാങ്ങി. ഇവര്‍ ഇത് കടയുടെ മുന്നില്‍ വച്ച് തന്നെ മുഴുവന്‍ കഴിച്ചു. എന്നിട്ട് ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാവുകയും കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി 8000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
പിന്നീട് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് മുളിയാര്‍ സ്വദേശി അബ്ദുള്‍ റഹ്‌മാന്റെ കാര്‍ ഇവര്‍ വാങ്ങിക്കൊണ്ടുപോവുകയും തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്തു. കോഴിക്കോട് കസബ പൊലീസ് ആണ് ഈ കേസ് അന്വേഷിക്കുന്നത്. 2022ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഫൈസലിനെതിരെ ഒരു പീഡനകേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2019ല്‍ കോഴിക്കോട് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അക്രമിച്ച കേസില്‍ റുബീന പ്രതിയാണ്.
മറ്റൊരു പ്രതിയായ ദില്‍ഷാദിനെതിരെ 2010ല്‍ ബേക്കല്‍ സ്റ്റേഷനില്‍ ഒരു കവര്‍ച്ചകേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
English Summary: A 59-year-old man was trapped in a honey trap and cheated of 5 lakhs; Seven people including a couple were arrested
You may also like this video