Site iconSite icon Janayugom Online

താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരം

താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരം. പനി മൂർച്ഛിച്ച് ചികിത്സ തേടിയെത്തിയ കോരങ്ങാട് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. ബുധനാഴ്ച സ്കൂൾ വിട്ട് വന്നതിന് ശേഷമാണ് കുട്ടിയ്ക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രി ഒ പിയിൽ ചികിത്സ തേടി. രക്ത പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കെ കുട്ടിയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മസ്തിഷ്ക ജ്വരത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിന്റെ പശ്ചാത്തലത്തിൽ അനയയുടെ രക്ത‑സ്രവ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ മരണം അമീബിക് മസ്തിഷ്ക ബാധിച്ചാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോരങ്ങാട് ആനപ്പാറപ്പൊയിൽ സനൂപിന്റെ മകളാണ് അനയ. മാതാവ്: റംബീസ. സഹോദരങ്ങൾ: അഭിജയ്, ആരവ്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അനയ വീടിനു സമീപത്തുള്ള ഒരു കുളത്തിൽ കുളിച്ചതായാണ് നാട്ടുകാർ നൽകുന്ന വിവരം. അമീബിക് മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഈ കുളം ഉൾപ്പെടെ വീട്ടുപരിസരത്തെ ജലസ്രോതസുകളിലെ വെള്ളം അധികൃതർ പരിശോധനയ്ക്കെടുത്തിട്ടുണ്ട്.
അനയയുടെ മൃതദേഹം കോരങ്ങാട് ജിഎൽപി സ്കൂളിൽ പൊതുദർശനത്തിന് ശേഷം കോരങ്ങാട് പൊതു ശ്മശാനത്തില്‍ സംസ്ക്കരിച്ചു. മരണത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Exit mobile version