അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ തന്റെ അമ്മയായി സ്വീകരിച്ച ‘പഞ്ച്’ എന്ന കുട്ടി കുരങ്ങന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇന്ന് അവന്‍ അനാഥനല്ല, ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുരുന്ന് ഇപ്പോൾ ലോകത്തിന്റെയാകെ മനം കവരുകയാണ്. സ്വന്തം അമ്മ കൈവിട്ടപ്പോൾ അവന് കൂട്ടായെത്തിയത് സ്വീഡിഷ് കമ്പനിയായ ഐക്കിയയുടെ ഒരു പാവക്കുരങ്ങനാണ്. കുരങ്ങുകള്‍ക്ക് ജനിച്ചയുടൻ അമ്മയുടെ ശരീരത്തിൽ മുറുകെപ്പിടിക്കുന്ന ശീലമുണ്ട്. എങ്കിൽ മാത്രമേ അവയ്ക്ക് പേശീബലവും സുരക്ഷിതബോധവും ലഭിക്കൂ. പഞ്ചിന് പിടിച്ചുനിൽക്കാൻ മൃഗശാലാ അധികൃതർ പല വസ്തുക്കളും നൽകിനോക്കി. പക്ഷേ അതൊന്നും അവൻ്റെ അമ്മയ്ക്ക് പകരമായില്ല. ഒടുവില്‍ ജീവനക്കാര്‍ അവന് പുതിയൊരു പോറ്റമ്മയെ നല്‍കി. സ്വീഡ്ഷ് ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഐക്കിയയുടെ ഒരു സ്റ്റഫ്‌ഡ് ഒറാങ്ങുട്ടാൻ പാവ!
ജാപ്പനീസ് മക്കാക്ക് വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് വൈകാരികമായി പ്രതികരിക്കുന്നത്. 2025 ജൂലൈയിൽ ജനിച്ച പഞ്ചിനെ പ്രസവിച്ച ഉടൻ തന്നെ അമ്മ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മൃഗശാല അധികൃതർ അവനെ ഏറ്റെടുത്ത് വളർത്തി. ഒറ്റപ്പെട്ടുപോയ പഞ്ചിന് ആശ്വാസമേകാൻ അധികൃതർ അവന്റെ കൂട്ടിലേക്ക് ഒരു പാവക്കുട്ടിയെ ഇട്ടു നൽകി. താമസിയാതെ പഞ്ച് ആ പാവയെ തന്റെ അമ്മയെപ്പോലെ സ്നേഹിച്ചു തുടങ്ങി. എപ്പോഴും ആ പാവയെ കെട്ടിപ്പിടിക്കുന്നതും ഒപ്പം കൊണ്ട് നടക്കുന്നതും ഉറങ്ങുന്നതുമെല്ലാം കണ്ടതോടെ സോഷ്യൽ മീഡിയയിൽ #HangInTherePunch എന്ന ഹാഷ്‌ടാഗ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു കാലം പാവക്കുട്ടിക്കൊപ്പം കഴിഞ്ഞ പഞ്ച് ഇപ്പോൾ തന്റെ കുരങ്ങൻ കൂട്ടത്തിലേക്ക് പതുക്കെ ലയിച്ചു തുടങ്ങിയിരിക്കുകയാണ്. മറ്റ് കുരങ്ങന്മാർ പഞ്ചിനെ തലോടുന്നതും അവനോടൊപ്പം കളിക്കുന്നതും മൃഗശാല അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് കൂട്ടുകാരെ കിട്ടിയെങ്കിലും തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ വിട്ടുപിരിയാൻ പഞ്ച് ഇപ്പോഴും തയ്യാറല്ല.
അമ്മ ഉപേക്ഷിച്ച ‘പഞ്ചിന്’ താങ്ങായത് ഒറാങ്ങുട്ടാൻ പാവ; ലോകത്തിന്റെ മനം കവർന്ന് ജപ്പാൻ മൃഗശാലയിലെ കുട്ടിക്കുരങ്ങൻ

