പശ്ചിമ ബംഗാളില്‍ തേനീച്ച ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. 62കാരനായ നിര്‍മ്മല്‍ ദത്തയെയാണ് തേനീച്ചകള്‍ കുത്തി കൊലപ്പെട്ടത്. മുഖത്തും തലയിലുമായി 890ലേറെ തവണയാണ് കുത്തേറ്റത്.
ദുർഗാപൂറിലെ ആർഇ മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു നിർമ്മൽ ദത്ത. ദുർഗാപൂരിൽ നിന്ന് വീട്ടിലേക്ക് മകനുമായി പോകുമ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. മേജർ പാർക്കിന് സമീപത്ത് വച്ച് അദ്ദേഹത്തിന്റെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് വയോധികനെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്.
കുത്തേറ്റ് കഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

