നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. അഴിക്കോട് ജെട്ടിക്ക് സമീപം താമസിക്കുന്ന കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ നിഖിൽ (24) ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഗൗരിശങ്കർ സിഗ്നലിന് തെക്കുവശമായിരുന്നു അപകടം. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ബൈപാസിലെ കാന നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് ഇയാൾ വീണത്.
വെള്ളം നിറഞ്ഞു നിന്നിരുന്നതിനാൽ കുഴിയിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് കരുതുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അമ്മ :ഡാലി. സഹോദരി :നീന.