Site icon Janayugom Online

യുഎസില്‍ കറുത്ത വംശജനെ പൊലീസ് വെടിവച്ചു കൊന്നു

യുഎസില്‍ വീണ്ടും കറുത്ത വംശജനെ കൊന്നൊടുക്കി പൊലീസിന്റെ ക്രൂരത. ഒഹായോയിലെ അക്രോണ്‍ നഗരത്തിലുണ്ടായ പൊലീസ് വെടിവയ്പിലാണ് 25 കാരനായ ജയ്‌ലൻഡ് വാക്കര്‍ കൊല്ലപ്പെട്ടത്. എട്ട് പൊലീസുകാര്‍ വാക്കറിനെ ലക്ഷ്യം വച്ച് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 60 ലധികം മുറിവുകളാണ് വാക്കറുടെ ശരീരത്തിലുണ്ടായിരുന്നത്. വാക്കറാണ് ആദ്യം ആക്രമണം നടത്തിയതെന്നും സ്വയം രക്ഷയ്ക്കായാണ് തിരികെ വെടിയുതിര്‍ത്തതെന്നുമാണ് പൊലീസിന്റെ വാദം.

ട്രാഫിക് ലംഘനത്തിന്റെ പേരില്‍ വാക്കറെ കാറില്‍ നിന്ന് ബലമായി പിടിച്ചിറക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വാക്കറിനെ ഏതാനും മിനിറ്റുകള്‍ പിന്തുടര്‍ന്ന ശേഷം പൊലീസ് വെടിവയ്ക്കുകയായിരുന്നു. വാക്കർ തന്റെ കാറിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വാക്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, വീഡിയോ പുറത്തുവന്നതിനു പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി അക്രോണിലെ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. വാക്കറിന്റെ മരണം കൊലപാതകമാണെന്ന് നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് കളർഡ് പീപ്പിൾ എന്ന പൗരാവകാശ സംഘടന ആരേ­ാപിച്ചു. 2020 ല്‍ മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡെന്ന കറുത്ത വംശജനും പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish summary;A black man was shot dead by the police in the US

You may also like this video;

Exit mobile version