Site icon Janayugom Online

വഞ്ചന കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങി; എസ് ഐക്കും ഇടനിലക്കാരനും ഉപാധികളോടെ ജാമ്യം

വഞ്ചന കേസ് പ്രതിയില്‍ നിന്ന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായെന്ന കേസില്‍ എസ്.ഐക്കും ഇടനിലക്കാരനും ഉപാധികളോടെ ജാമ്യം. മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊര്‍ങ്ങാട്ടിരി സുഹൈലിനും ഇട നിലക്കാരനായ മൂന്നാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനുമാണ് വിജിലന്‍സ് പ്രത്യേക ജഡ്ജ് ടി.മധുസൂദനന്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം അനുവദിച്ചത്. മൂന്നു മാസത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധികളാണ് കോടതി നിര്‍ദ്ദേശിച്ചത്.

പ്രതിക്ക് കൈക്കൂലിപ്പണം നല്‍കിയത് കവറിലായത് വിജിലന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന പ്രതി ഭാഗം അഭിഭാഷകരായ വി.പി.എ റഹ്മാന്‍, രാജു അഗസ്റ്റ്യന്‍ എന്നിവരുടെ വാദം കൂടി അംഗീകരിച്ചു കൊണ്ടാണ് ഉത്തരവ്. കൈക്കൂലിയായി നല്‍കിയ ഫോണുകള്‍ കണ്ടെടുക്കാനായില്ലെന്നും ഉത്തരവിലുണ്ട്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ വച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഹാജരാക്കിയിരുന്നു. 2017ല്‍ മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചന കേസിലെ പ്രതിയായ പരാതിക്കാരന് 2019ല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 

മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവില്‍ പോയ എസ്.ഐ സുഹൈല്‍ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയില്‍ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരനെതിരെ വേറെയും വാറണ്ടുകള്‍ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ സഹായിക്കാമെന്നും കൈക്കൂലിയായി ഐഫോണ്‍-14 നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നാണ് കേസ്.

Eng­lish Summary;A bribe was tak­en from the defen­dant in the fraud case
You may also like this video

Exit mobile version