Site iconSite icon Janayugom Online

പൊൻകതിരിന് ഉജ്ജ്വല സമാപനം

ചേർത്തല മണ്ഡലത്തിൽ താമസിക്കുന്ന എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് എസ് എല്‍ സി, പ്ലസ് 2 വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നൽകുന്ന വിദ്യാഭ്യാസ അവാർഡ് ‘പൊൻകതിർ‑2023’ സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ഏഴ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും താമസിക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും ഭാവിയിൽ ചേർത്തലയിൽ സിവിൽ സർവീസ് ട്രെയിനിങ് സെന്ററും നിയമപഠന സഹായകേന്ദ്രവും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുള്ള 78 വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി. രാവിലെ 10 മണിക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് പി പി സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ടി വി സുഭാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയത്തിൽ എത്തുന്നതിന് ലക്ഷ്യബോധത്തോടെയുള്ള പ്രയത്നമാണ് ആവശ്യമെന്നും ഭാഗ്യം, വിധി എന്നിവയ്ക്ക് വിട്ടുകൊടുക്കാൻ ഉള്ളതല്ല ജീവിതമെന്നും അദ്ദേഹം പറഞ്ഞു. പ്രയത്നം, മനസ്സിന്റെ നിയന്ത്രണം, ശരീര സംരക്ഷണം, സാമ്പത്തിക വിഷയത്തിൽ മൂല്യങ്ങൾ ഉയർത്തി പിടിക്കൽ, സമയത്തിന്റെ ശരിയായ വിനിയോഗം എന്നിവ വിജയത്തിന് അടിസ്ഥാനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ മുഖ്യാതിഥിയായി യോഗത്തിൽ പങ്കെടുത്തു. നന്മയും മനുഷ്യത്വവും സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാക്കുമെന്നും മാനവശേഷി വികസനത്തിന് ഏറെ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചേർത്തല തെക്ക് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചേർത്തല തെക്ക്പഞ്ചായത്ത് പ്രസിഡന്റ് സിനി മോൾ സാംസൺ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, കമാണ്ടന്റ് ആന്റ് ഡിസിപി ജി ജയദേവ്, ഇസാഫ് ബാങ്ക് മനേജിങ് ഡയറക്ടർ പോൾ തോമസ്, യുവ സംരംഭകൻ അലോക് പോൾ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: A bril­liant finale to Ponkathir

Exit mobile version