മക്ക: സൗദിയിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് കത്തിയമർന്ന് വൻ ദുരന്തം. 45 പേര്‍ വെന്തുമരിച്ചു. ഹൈദരാബാദിൽനിന്നുള്ള ഉംറ സംഘമാണ് ദുരന്തത്തിന് ഇരയായത്. മരിച്ചവരിൽ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. യാത്രക്കാരില്‍ ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ന് മദീനയ്ക്ക് 160 കിലോമീറ്റര്‍ അകലെ മുഫ്രിഹാത്ത് എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. തീര്‍ത്ഥാടകര്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുകയായിരുന്നു. ബസ് ഡീസൽ ടാങ്കറിൽ ഇടിച്ച് രണ്ട് വാഹനങ്ങളും അഗ്നിഗോളമായി മാറുകയായിരുന്നു. കൂട്ടയിടി നടന്നപ്പോൾ യാത്രക്കാർ ഉറക്കത്തിലായിരുന്നു. ഇത് മരണനിരക്ക് ഉയരാൻ കാരണമായെന്ന് അധികൃതര്‍ പറഞ്ഞു. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഹൈദരാബാദിലെ ആസിഫ് നഗർ, ജിറ, മെഹ്ദിപട്ടണം, ടോളിചൗക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തില്‍ നിന്നുള്ള 18 പേര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ ബസ് പൂർണമായും കത്തി നശിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലായിരുന്നു പലരുടെയും മൃതദേഹങ്ങള്‍. 16 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ ഇന്ത്യൻ പ്രഥമശുശ്രൂഷാ കമ്മിറ്റിയും (ഹജ്ജ് കമ്മിറ്റി) ഇന്ത്യൻ എംബസിയും നടപടികൾ സ്വീകരിച്ചുവരികയാണ്. ജിദ്ദയിലും ഡല്‍ഹിയിലെ തെലങ്കാന ഭവനിലും കണ്‍ട്രോള്‍ റൂമൂകള്‍ തുറന്നു.
ആസിഫ് നഗർ സ്വദേശി അബ്ദുൾ ഷോബ് മുഹമ്മദാ(24)ണ് രക്ഷപ്പെട്ടത്. തീര്‍ത്ഥാടകസംഘമായതിനാല്‍ മൃതദേഹങ്ങൾ സൗദിയില്‍ തന്നെ ഖബറടക്കും. ഇതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സൗദിയിലേക്ക് തിരിക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. എഐഎംഐഎം എംഎൽഎമാർ, മുതിർന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ, ഇരകളായ ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾ എന്നിവരും സംഘത്തിലുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു: 45 ഇന്ത്യക്കാർ മരിച്ചു

