കണ്ണൂരിൽ വീണ്ടും ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. കാൾടെക്സ് ചേമ്പർ ഹാളിന് മുൻവശത്ത് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. കക്കാട് കോർജാൻ സ്കൂളിന് സമീപത്തെ സ്പെയർപാർട്സ് കടയിലെ വാഹനമാണ് കത്തി നശിച്ചത്. ബോണറ്റിൽ തീ ഉയരുന്നത് കണ്ട ഡ്രൈവർ അർജുൻ കാർ നിർത്തി ഇറങ്ങിയോടുകയായിരുന്നു. ബാങ്കിൽ പോയശേഷം കടയിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. നിമിഷനേരത്തിനകം കാർ മുഴുവനായും കത്തിനശിച്ചു. . കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. തീപിടിത്ത കാരണം വ്യക്തമായില്ല. ഇതേതുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി
