Site iconSite icon Janayugom Online

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിന് തീപിടിച്ചു

കേരള തീരത്ത് അറബിക്കടലിൽ വീണ്ടും ചരക്കുകപ്പലിന് തീ പിടിച്ചു. മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലൊന്നിലാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു. രാവിലെ 8. 40നാണ് കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊച്ചി തീരത്ത് നിന്ന് 50 നോട്ടിക്കൽ‍ മൈൽ ദൂരത്തു വച്ചാണ് തീപിടിത്തമുണ്ടായത്. പോർട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. അപകടവിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്ഷോർ പട്രോൾ വെസ്സലായ സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു. കപ്പൽ ഇപ്പോൾ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ നിരീക്ഷിക്കുന്നുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.

20 ദിവസത്തിനുള്ളിൽ മൂന്നാമത്തെ കപ്പലിനാണ് കേരള തീരത്ത് വച്ച് തീ പിടിക്കുന്നത്. മേയ് 25ന് ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനമടക്കം നീക്കം ചെയ്യാനുള്ള ജോലികൾ നടന്നുവരികയാണ്. അതിനിടെ ഈ മാസം ഒമ്പതിന് കണ്ണൂർ അഴീക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് വാൻഹായ് 503 എന്ന കപ്പലിനും തീപിടിച്ചിരുന്നു

Exit mobile version